1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

ചൊട്ടയിലെ ശീലം ചുടല വരെ, കതിരില്‍ വളം വയ്ക്കരുത്…തുടങ്ങിയ പഴഞ്ചൊല്ലുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു പ്രയോഗിക്കാറുണ്ട്. നല്ല ശീലങ്ങള്‍ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കണം എന്നാണ് ഇതിന്‍റെയൊക്കെ അര്‍ഥം. കു­ട്ടി­ക­ളെ മി­ടു­ക്ക­രാ­യി വ­ളര്‍­ത്തു­ന്ന­തില്‍ മാ­താ­പി­താ­ക്കള്‍­ക്കു വ്യ­ക്തമാ­യ പ­ങ്കുണ്ട്. സ­മൂ­ഹ­ത്തില്‍ അ­വര്‍ എങ്ങ­നെ ഇ­ട­പ­ഴ­കണം. മ­റ്റുള്ള­വ­രോ­ടു എങ്ങ­നെ പെ­രു­മാ­റണം, എങ്ങ­നെ സം­സാ­രിക്ക­ണം എന്നി­വ അവ­രെ കൃ­ത്യ­മാ­യി പഠി­പ്പി­ക്കണം.

ഇ­തി­നു അവ­രെ ശാ­സി­ക്കു­ക­യല്ല വേ­ണ്ടത്. മ­റി­ച്ചു പറ­ഞ്ഞു മ­ന­സി­ലാ­ക്കു­ക­യാ­ണു വേ­ണ്ട­ത്. ചി­ലര്‍ കു­ട്ടിക­ളെ മ­റ്റു­ള്ള­വ­രു­ടെ മു­ന്നില്‍ വ­ച്ചു ശാ­സി­ക്കാ­റുണ്ട്. ഇ­തു കു­ഞ്ഞു മ­ന­സു­ക­ളില്‍ വേ­ദ­ന­യു­ണ്ടാ­ക്കും. ഇ­തു ഒ­ഴി­വാ­ക്കണം. ഇ­തി­നു നേര­ത്തേ മു­തല്‍ മാ­താ­പി­താ­ക്കള്‍ കു­ട്ടിക­ളെ സ്‌­നേ­ഹ­ത്തോ­ടെ കാ­ര്യ­ങ്ങള്‍ പറ­ഞ്ഞു കൊ­ടു­ക്കണം. കുട്ടിയില്‍ സമൂഹവുമായി ഇടപെടാനുള്ള കഴിവു വളര്‍ത്തുന്നതു മുതിര്‍ന്നവരുടെ ധര്‍മമാണ്.

സ്‌നേഹിക്കാനും സഹകരി ക്കാനും അവരെ ശീലിപ്പിക്കേണ്ടത് വീട്ടിലുള്ള മുതിര്‍ന്നവരാണ്. കുഞ്ഞ് താന്‍ കാണുന്നവരെ അനുകരിച്ചാണു മറ്റുള്ളവരുമായി ഇടപെടാനുള്ള കഴിവു നേടുന്നത്.ജനിക്കുമ്പോള്‍ മുതല്‍ക്കേ കുഞ്ഞ് മറ്റുള്ളവരുടെ ശബ്ദത്തോടു പ്രതികരിച്ചു തുടങ്ങും. അതുകൊണ്ടു കുഞ്ഞി നോടു ജനിച്ച ദിവസം മുതല്‍ തന്നെ സംസാരിച്ചു തുടങ്ങുക. ഇതു കുഞ്ഞിന്റെ വ്യക്തിത്വവികാസത്തിനും സാമൂഹി കശേഷി വളരാനും ഏറെ സഹായിക്കും.

നല്ല ശീലങ്ങള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുകൂലമായ സ്വാധീനമാണുണ്ടാക്കുന്നത്. നല്ല ശീലങ്ങള്‍ പഠിപ്പിച്ചു കൊടുത്താല്‍ മാത്രം പോര, കുട്ടികള്‍ ദൈനംദിനം അതൊക്കെ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം. ബ്രിട്ടണില്‍ വളരുന്ന കുട്ടികളുടെ കാര്യത്തില്‍ അവര്‍ക്ക് മാതാപിതാക്കളില്‍ നിന്നും ആവശ്യത്തിന് ഉപദേശവും മാര്‍ഗ നിര്‍ദേശങ്ങളും ലഭിക്കാത്തതാണ് പില്‍ക്കാലത്ത് അവരെ കുറ്റ്വാളികള്‍ ആക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമുക്ക്‌ നോക്കാം നമുടെ മക്കളെ എങ്ങനെ മിടുക്കരക്കാം എന്ന്.

നല്ല ഉറക്കം

കുട്ടികള്‍ക്ക് ഉറക്കം നന്നായി കിട്ടുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. കാരണം നല്ല ഉറക്കം കിട്ടാത്ത കുട്ടികള്‍ക്ക് ഏകാഗ്രത, ഓര്‍മശക്തി, എന്തു പറഞ്ഞാലും തര്‍ക്കുത്തരം പറയുന്ന സ്വഭാവം എന്നിവ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചില വീടുകളില്‍ മാതാപിതാക്കള്‍ വൈകിയാണ് ഉറങ്ങുന്നതെങ്കില്‍ കുട്ടികളും അത്രയും സമയം വരെ ഉറക്കമിളച്ച് ഇരിക്കാറുണ്ട്. അങ്ങനെയുണ്ടാകാതെ ശ്രദ്ധിക്കുക.

നല്ല ഭക്ഷണരീതി

നല്ല ശീലങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണു നല്ല ഭക്ഷണരീതി. ഓരോരുത്തരുടേയും ആരോഗ്യം നിര്‍ണയിക്കുന്നതു പോലും ഭക്ഷണരീതിയാണ്. വിവിധ തരത്തിലുള്ള ഘടകങ്ങള്‍ അതായത് പച്ചക്കറി, പാല്‍, മുട്ട, മത്സ്യം, മാംസം, ചീസ്, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

നല്ല വ്യായാമം

കുട്ടികളെ വ്യായാമങ്ങള്‍ ചെയ്യിപ്പിക്കണം. ശരീരത്തിനു വ്യായാമം കിട്ടുന്ന കളികളിലേക്കു കുട്ടികളെ തിരിച്ചു വിടാന്‍ ശ്രദ്ധിക്കണം. ഒരിടത്തു മാത്രം ഇരുന്ന് ദീര്‍ഘനേരം കളിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ ഓടിക്കളിക്കാനും അവരെ പ്രേരിപ്പിക്കുക. നല്ല വ്യായാമങ്ങള്‍ കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തും. അമിതഭാരം ഉണ്ടാകുന്നതു തടയും. ചില കുട്ടികള്‍ക്കു സ്പോര്‍ട്സില്‍ താത്പര്യമുണ്ടാകില്ല. സ്പോര്‍ട്സ് ഇനങ്ങളില്‍ പങ്കെടുത്താലുണ്ടാകുന്ന ഗുണങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കുക.

പഠനശീലങ്ങള്‍

കുട്ടികള്‍ക്കു പഠനകാര്യങ്ങള്‍ ഓരോന്നും പറഞ്ഞുകൊടുക്കുക വഴി അവരുടെ പഠിക്കാനുള്ള താത്പര്യം കൂടുന്നു. അതുപോലെ, പഠിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് അവരെക്കൊണ്ടു പറയിപ്പിക്കുക. ജന്മദിനങ്ങള്‍ പോലുള്ള ദിവസങ്ങളില്‍ ബുക്കുകള്‍ സമ്മാനമായി കൊടുക്കുക. അതുവഴി കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാം. വീട്ടില്‍ അവര്‍ക്കുവേണ്ടി ചെറിയൊരു ലൈബ്രറി സജ്ജീകരിക്കുക. കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ കുട്ടികള്‍ക്കു താനേ താത്പര്യം ജനിക്കും.

സത്യസന്ധത

സത്യം പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. തെറ്റുകള്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ തന്നെ അതു വീട്ടില്‍ അവതരിപ്പിക്കാറുണ്ട്. അപ്പോള്‍ അവരെ ശിക്ഷിക്കാതെ സൗമ്യമായി പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക. അത്യാവശ്യമെന്നു തോന്നു ഘട്ടങ്ങളില്‍ മാത്രം ശിക്ഷിക്കാനും ശാസിക്കാനും മുതിരുക. സത്യം പറയുമ്പോള്‍ അഭിനന്ദിക്കാനും ചെറിയ പാരിതോഷികം കൊടുക്കാനും ശ്രമിക്കുക.

ആത്മീയത

കുട്ടികളില്‍ ആത്മീയത വളര്‍ത്തിക്കൊണ്ടുവരണം. ആത്മീയതയെക്കുറിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കണം.

കൃത്യനിഷ്ഠ

നല്ല ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൃത്യനിഷ്ഠ. അതാതു സമയം ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക. ഉദാഹരണമായി സ്കൂളില്‍ പോകുന്ന സമയം, ഭക്ഷണം കഴിക്കേണ്ട സമയം, പഠന സമയം ഇതൊക്കെ അവര്‍ക്കു പറഞ്ഞുകൊടുത്തുകൊണ്ട് കൃത്യസമയത്ത് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക.

മുതിര്‍ന്നവരെ ബഹുമാനിക്കുക

കുട്ടികള്‍ എങ്ങനെയാണു മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടതെന്നു പറഞ്ഞുകൊടുക്കണം. വാക്കിലും പ്രവൃത്തിയിലും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ട രീതി കുട്ടികളെ മനസിലാക്കിക്കുക.

വൃത്തി

ഒരു നല്ല വ്യക്തിത്വം വാര്‍ത്തെടുക്കാന്‍ വൃത്തിക്കു വളരെയധികം പങ്കുണ്ട്. വൃത്തി ആരോഗ്യത്തെ സൂചിപ്പിക്കുന്നു.

മാതാപിതാക്കള്‍ മാതൃകയാവുക

കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അച്ഛനമ്മമാരെ കണ്ടുവേണം നല്ല ശീലങ്ങള്‍ പഠിക്കാന്‍. ഭക്ഷണം, കളി, പഠനം എന്നീ കാര്യങ്ങളിലൊക്കെ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും സമയം ചെലവിടുക.

കൈകള്‍ നന്നായി കഴുകുക

കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പും അതിനു ശേഷവും കുളിച്ചതിനു ശേഷവും ടോയ്ലറ്റില്‍ പോയി വന്നതിനു ശേഷവും കൈകള്‍ നന്നായി കഴുകുന്ന ശീലം വളര്‍ത്തിയെടുക്കണം. കൈകളില്‍ നിന്ന് പലതരത്തിലുള്ള അണുക്കള്‍ ഭക്ഷണത്തിലൂടെ ശരീരത്തില്‍ കടക്കുന്നത് തടയാനാണ് ഇതെന്ന് അവര്‍ക്കു പറഞ്ഞു കൊടുക്കണം

കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍

കുഞ്ഞ് മൂന്നു വയസുവരെയുള്ള കാലത്തു വേഗത്തില്‍ വളരുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യും. അതി നാല്‍ അവര്‍ക്കു തിരഞ്ഞെടുക്കുന്ന കളിപ്പാട്ടങ്ങളും ഇതു മുന്നില്‍ കണ്ടുകൊണ്ടാവണം.കുഞ്ഞിന്റെ ഭാവനയെ വികസിപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുക. കുഞ്ഞിന്റെ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന തരം കളിപ്പാട്ടങ്ങളാണു നല്‍കേണ്ടത്. ഇതിനായി പല നിറത്തിലും പല ആകൃതിയിലും പല വിധത്തിലുമുള്ള കളിപ്പാട്ടങ്ങള്‍ നല്‍കണം. അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്ക് ബ്രിക്ക്‌സ് പോലുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാം. കുറേക്കൂടി മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്കു പരസ്പരം ഘടിപ്പിക്കാവുന്ന ബ്ലോക്കു പോലുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാം. പ്രീസ്‌കൂള്‍ ഘട്ടത്തിലുള്ള കുട്ടികള്‍ ഡ്രോയിങ്, പെയിന്റിങ് ഇവ ഏറെ ഇഷ്ടപ്പെടുന്നവരാവും. അവര്‍ക്കതിനുള്ള അവസരമു ണ്ടാക്കണം.

വഴക്കടിക്കുമ്പോള്‍

വഴക്കടിക്കുന്ന കുഞ്ഞിനെ ശാന്തനാക്കാന്‍ കാര്‍ട്ടൂണ്‍ ചാനലിട്ടു കൊടുക്കുന്ന രീതി മാറ്റണം. ചെറിയ കുട്ടികളെ ഒരു മണിക്കൂറിലേറെ ടിവി കാണിക്കരുത്. കൂടുതല്‍ സമയം ടി വി കാണുന്നതു കുഞ്ഞിന്റെ ആശയവിനിമയ പാടവം, ഭാവനാശേഷി, സഹകരണമനോഭാവം ഇവ വികസിക്കുന്നതു തടയുന്നു. മറിച്ചു കളികള്‍, കഥപറയല്‍ എന്നിവയി ലൂടെ കുട്ടി ഈ കഴിവുകള്‍ നേടിയെടുക്കും.കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ട് അവരെ നമ്മളിലൊരാളായി പരിഗണിച്ച് ഇടപെടണം. ഇതവരില്‍ ആത്മവിശ്വാസം വളര്‍ത്തും. അവര്‍ പ്രസരിപ്പോടെ മറ്റുള്ളവരോട് ഇടപെ­ടും. അ­വര്‍ സ­മൂ­ഹ­ത്തില്‍ നല്ല­രീ­തി­യില്‍ പെ­രു­മാ­റി­യാല്‍ അ­തി­ന്റെ ക്ര­ഡി­റ്റ് ല­ഭി­ക്കു­ന്ന­തു മാ­താ­പി­താ­ക്കള്‍­ക്കാ­ണ്. കു­ട്ടി­ക്കാല­ത്തെ അ­നു­ഭ­വ­മാ­ണു കു­ട്ടി­ക­ളില്‍ അ­ക്ര­മ­വാ­സ­ന ഉ­ണ്ടാ­ക്കു­ന്നതും കു­റ്റ­വാ­ളി­കള്‍ ആ­ക്കി­ത്തീര്‍­ക്കു­ന്ന­തും. മാ­താ­പി­താ­ക്ക­ളു­ടെ മേല്‍­നോ­ട്ടം ഇ­ത്ത­ര­ക്കാ­രെ കു­റ­യ്­ക്കാന്‍ സാ­ധി­ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.