സ്വന്തം ലേഖകൻ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച തലത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരോട് നന്ദി അറിയിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൂസ്റ്റണിലെ എന്‍.ആര്.ജി സ്റ്റേഡിയത്തില്‍ ഹൗഡി മോദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ കുറഞ്ഞകാലയളവില്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നതിനെക്കാള് മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. ഭീകരതയ്ക്കെതിരേ ഇരുരാജ്യങ്ങളും ഒരുമിച്ച് നില്ക്കും.”- ട്രംപ് വ്യക്തമാക്കി.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ മൂന്ന്കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി. ഇന്ത്യന്‍ സമൂഹം അമേരിക്കയെ ശക്തിപ്പെടുത്തി. അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ നിരവധി വ്യവസായങ്ങള്‍ തുടങ്ങുകയും ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുകയും ചെയ്തു.”- അദ്ദേഹം പറഞ്ഞു.
കൂടാതെ ട്രംപ് മോദിക്ക് ജന്മദിനാശംസകള് നേര്‍ന്നു. അതേസമയം അമേരിക്ക മഹത്തായ രാജ്യമാണ്. ആമുഖങ്ങള്‍ ആവിശ്യമില്ലാത്ത നേതാവാണ് ട്രംപ്. ട്രംപ് സര്‍ക്കാര്‍ വീണ്ടും വരട്ടേയെന്ന് മോദി ആശംസിച്ചു. അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്.
50000 ഇന്ത്യൻവംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാനും പ്രസംഗം കേൾക്കാനും എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്സസിലെ ഇന്ത്യൻഫോറം മോദിക്കായി ഒരുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല