സ്വന്തം ലേഖകൻ: 2013 ലുണ്ടായ പരിക്കിനെ തുടര്‍ന്ന് ഹൃത്വിക് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ അനുഭവം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് അമ്മ പിങ്കി റോഷന്‍. ഹൃത്വികിന്‍റെ ജന്മദിനത്തില്‍ പിങ്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് വൈറലാകുകയാണ്.
ഒരിക്കലും പങ്കുവെക്കാത്ത ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയാണ് എന്ന് തുടങ്ങുന്ന കുറിപ്പില്‍ ശസ്ത്രക്രിയയുടെ സമയത്ത് മകന്‍ പുലര്‍ത്തിയ ആത്മവിശ്വാസം തനിക്ക് കരുത്തേകിയെന്നും ഹൃത്വികിന്‍റെ അമ്മയായതില്‍ അഭിമാനം തോന്നിയിരുന്നെന്നും പിങ്കി റോഷന്‍ കുറിച്ചു.
‘ഇത് ഞാന്‍ പങ്കുവെക്കുന്നത് വിഷമത്തോടെയോ കുറ്റബോധത്തോടെയോ അല്ല, മറിച്ച് അളവറ്റ സ്നേഹത്തോടെയാണ്. ദഗ്ഗുവിന്‍റെ(ഹൃത്വിക് റോഷന്‍) അമ്മയാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണത്. ദഗ്ഗുവിന്‍റെ ശസ്ത്രക്രിയയുടെ അവസരത്തില്‍ ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലെത്തി.
പ്രാര്‍ത്ഥനയോടെയാണ് സമയം ചെലവഴിച്ചത്. മകനോടുള്ള സ്നേഹവും കരുതലും മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാല്‍ അവന്‍റെ കണ്ണുകളില്‍ ഭയമുണ്ടായിരുന്നില്ല. എന്‍റെ പ്രതിബിംബമാണ് അന്ന് അവനില്‍ കണ്ടത്. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്‍റെ കണ്ണിറുക്കലില്‍ എന്‍റെ ദുഖം കുറഞ്ഞു. എന്‍റെ കണ്ണിലെ വേദന അവന്‍ വായിച്ചെടുക്കുകയായിരുന്നു.
ഈ ചിത്രങ്ങള്‍ കണ്ടാല്‍ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോകുന്ന ഒരാളെപ്പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ഒരു പോരാളിയെപ്പോലെയാണ് തോന്നുക. ഒമ്പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ് ഇന്നെനിക്ക് സ്നേഹവും ധൈര്യവും നല്‍കുമ്പോള്‍ ആ നിമിഷം ഞാന്‍ അളവറ്റ അനുഗ്രഹം തിരികെ നല്‍കുകയായിരുന്നു,” പിങ്കി കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല