സ്വന്തം ലേഖകന്‍: ഇസ്റ്റാംബുള്‍ ചാവേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിക്കെന്ന് ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷന്‍. ഋതിക് റോഷനും മക്കളായ റിഹാനും റിഥാനും ഇസ്താംബൂള്‍ ചാവേര്‍ ആക്രമണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പുവരെ അറ്റാര്‍ടക് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നുവെന്ന് ഋതിക് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ പോകേണ്ടിയിരുന്ന വിമാനത്തില്‍ ഋതികിനും മക്കള്‍ക്കും ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ല. എന്നാല്‍ ജീവനക്കാര്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് ശരിയാക്കി നല്‍കി. മക്കള്‍ക്കൊപ്പം ഋതിക് വിമാനത്താവളം വിട്ട് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് അവിടെ ചാവേര്‍ പൊട്ടിത്തെറിച്ചത്. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും താരം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ഇസ്താംബുളിലെ അറ്റാര്‍ടക് വിമാനത്താവളത്തില്‍ ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറ്റി അന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് തുര്‍ക്കി ആരോപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല