സ്വന്തം ലേഖകന്‍: ബാങ്കിംഗ് രംഗത്തെ വമ്പന്‍മാരായ എച്ച്എസ്ബിസി വമ്പന്‍ അഴിച്ചു പണികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള 25,000 ജീവനക്കരെ പിരിച്ചു വിടും. ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചു വിടുക.
കൂടാതെ ബാങ്കിന്റെ ലണ്ടനിലെ ആസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അഴിച്ചു പണിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് വാര്‍ഷിക ചെലവിനത്തില്‍ 500 കോടി ഡോളര്‍ ലാഭിക്കാനാകുമെന്ന് എച്ച്എസ്ബിസി കഴിഞ്ഞ ദിവസം ഹോംങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.
വ്യാപാര വിഭാഗത്തില്‍ ബാങ്ക് സുപ്രധാന രൂപമാറ്റത്തിന് തുനിയുകയാണെന്ന് പ്രസ്താവനയില്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റര്‍ട് ഗുള്ളിവര്‍ പറയുന്നു. വിഭവങ്ങളുടെ പുനര്‍വിന്യാസത്തിലൂടെ വളര്‍ച്ചാ അവസരം തിരിച്ചു പിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷിക ചിലവിനത്തില്‍ 2017 ഓടെ 450 കോടി ഡോളര്‍ മിച്ചംപിടിക്കാനാണ് എച്ച്എസ്ബിസി ലക്ഷ്യം വക്കുന്നത്. തുര്‍ക്കിയിലെയും ബ്രസീലിലെയും വ്യാപാരം വില്‍പ്പന നടത്തിയാണിതെന്നും ഏഷ്യയിലെ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയിലുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ എച്ച്എസ്ബിസി ആസ്ഥാനം എവിടെയാകണമെന്ന് സംബന്ധിച്ചുള്ള സമ്പൂര്‍ണ അവലോകനവും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2008 മുതല്‍ ബ്രിട്ടന്‍ ബാങ്കിംഗ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും എച്ച്എസ്ബിസിയെ ആസ്ഥാനം മാറ്റുന്നതിന് പ്രേരിപ്പിച്ചിരിക്കാമെന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല