സ്വന്തം ലേഖകന്‍: ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം പ്രതിഫലം! ഇന്‍സ്റ്റാഗ്രാമില്‍ പണം വാരുന്ന സുന്ദരിയുടെ കഥ. ദുബായ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹുദാ കട്ടനാണ് ഇന്‍സ്റ്റാഗ്രാമിലെ ഏറ്റവും വലിയ പണക്കാരിയെന്ന പദവി സ്വന്തമാക്കിയത്. ഹുദയുടെ ബ്യൂട്ടി ടിപ്‌സുകള്‍ 20 ഇന്‍സ്റ്റാഗ്രാം യൂസര്‍മാരില്‍ ഒരാള്‍ വീതം പിന്തുടരാറുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടൈം മാസികയുടെ ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴും ഹുദാ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്നു.
ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന 25 പേരുടെ പട്ടികയാണ് നേരത്തേ ടൈം മാഗസിന്‍ തയ്യാറാക്കിയത്. ഇതില്‍ പോപ്പ് താരം കാറ്റി പെറി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, എഴുത്തുകാരി ജെ കെ റൗളിംഗ് തുടങ്ങിയവരും ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഗോളശ്രദ്ധയും വാര്‍ത്തയും സൃഷ്ടിക്കാനുള്ള കഴിവാണ് മാനദണ്ഡമാക്കിയത്. സെലിബ്രിട്ടികളേയും സ്വാധീനിക്കപ്പെടുന്നവരേയും തരം തിരിച്ചുള്ള പട്ടികയില്‍ സ്വാധീനിക്കപ്പെടുന്നവരുടെ പട്ടികയിലാണ് ഹുദയെത്തിയത്. സെലിബ്രിട്ടികളില്‍ പാട്ടുകാരി സെലീനാ ഗോമസാണ് ആദ്യമെത്തിയത്.
ഇറാഖി അമേരിക്കന്‍ സൗന്ദര്യ വിദഗ്ദ്ധയായ കട്ടന്‍ 2010 ല്‍ മേക്കപ്പുമായി ബന്ധപ്പെട്ട് ബ്‌ളോഗ് എഴുത്ത് തുടങ്ങിയത് മുതലാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ക്ക് ഇപ്പോള്‍ 20 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. സൗന്ദര്യ വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇവര്‍ പ്രസിദ്ധീകരിക്കുന്ന എഴുത്തുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ട്യൂട്ടോറിയലുകള്‍, സൗന്ദര്യ സംവിധാനങ്ങള്‍, ഉല്‍പ്പന്ന വാര്‍ത്തകള്‍ പ്രമോഷണല്‍ പോസ്റ്റുകള്‍ എന്നിവയ്‌ക്കെല്ലാം വന്‍ ആരാധകരാണുള്ളത്. ഇവരുടെ ഓരോ പോസ്റ്റിനും 18,000 ഡോളര്‍ വീതം കിട്ടുന്നുണ്ടെന്നാണ് പോപ് ഷുഗര്‍ ഡോട്ട് കോം വെബ്‌സൈറ്റ് പറയുന്നത്. സെഫോറാ ഷോപ്പുകള്‍ വഴിയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോളമായി വില്‍പ്പന നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല