സ്വന്തം ലേഖകന്‍: ഒരു പാലം നിലംപരിശാക്കാന്‍ വേണ്ടിവന്നത് വെറും 3.5 സെക്കന്റ്, സംഭവം നടന്നത് ചൈനയില്‍. ചൈനയിലെ നന്‍ഹു പാലമാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായത്. പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി പഴയ പാലം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വെറും 3.5 സെക്കന്‍ഡുകള്‍ കൊണ്ടാണ് പാലം തകര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പാലം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. പുതിയ പാലം പണിയുന്നതിന് വേണ്ടിയാണ് പഴയ പാലം തകര്‍ത്തതെന്ന് ചൈനീസ് മാധ്യമമായ ?ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അഞ്ചാറു ദിവസം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1978 ല്‍ നിര്‍മ്മിച്ച പാലമാണ് തകര്‍ത്തത്. ഇതിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം തകര്‍ത്ത് പുതിയത് നിര്‍മ്മിക്കാന്‍ ചൈനീസ് അധികൃതര്‍ തീരുമാനിച്ചത്. ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ഈ പാലം. 150 മീറ്റര്‍ നീളത്തിലായിരിക്കും പുതിയ പാലം വരുന്നത്. ഇരു ഭാഗത്തുമായി 16 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനും 5 മീറ്റര്‍ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുമായി മാറ്റിവയ്ക്കും.
പണി പൂര്‍ത്തിയാക്കി ഈ വര്‍ഷം സെപ്റ്റംബറില്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. നൂറ് വര്‍ഷം ആയുസ് കണക്കാക്കിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ അവസാനത്തോടെ പാലം ജനങ്ങള്‍ക്കായി തുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥന്‍ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞതായി പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല