സ്വന്തം ലേഖകന്‍: ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; പ്രമുഖ ക്രിസ്ത്യന്‍ പള്ളിയും അധികൃതര്‍ അടച്ചുപൂട്ടി. ചൈനയില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കെതിരെ ആഗോളാടിസ്ഥാനത്തില്‍ ഉപരോധം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചൈനയിലെ സിന്‍ജ്യങ് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ഭീകരനിയമങ്ങളാണ് അധികൃതര്‍ അടിച്ചേല്‍പിക്കുന്നത്. ഉയിഗൂര്‍, തുര്‍കിക് വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ തടവില്‍ കഴിയുകയാണ് സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തടവില്‍ കഴിയുന്നവര്‍ കടുത്ത പീഡനങ്ങള്‍ക്കിരയാകുന്നു. ഇവരെ കുടുംബവുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും അധികൃതരുമായി സഹകരിക്കാത്തവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ചൈന, സിന്‍ജ്യങ് പ്രവിശ്യയില്‍ സുരക്ഷ ശക്തമാക്കിയത് തീവ്രവാദത്തെ നേരിടാനാണെന്ന് വ്യക്തമാക്കി. അതിനിടെ ചൈനയില്‍ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് അടച്ചുപൂട്ടല്‍. ഞായറാഴ്ച വൈകീട്ട് എഴുപതോളം ഉദ്യോഗസ്ഥര്‍ സംഘടിച്ചെത്തിയാണ് പള്ളി അടച്ചുപൂട്ടിയതെന്ന് പാസ്റ്റര്‍ ജിന്‍ മിഗ്രി പറഞ്ഞു.
സിയോണ്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന പള്ളി പ്രദേശത്തെ പ്രമുഖ ക്രിസ്ത്യന്‍ ആരാധനാലയമാണ്. ഉദ്യോഗസ്ഥര്‍ പള്ളിയിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ആളുകളെ വലിച്ചിഴക്കുകയും ചെയ്തതായി ആരോപണമുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടം മതസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല