സ്വന്തം ലേഖകന്‍: ജനീവയിലെ കണികാ പരീക്ഷണ ശാലയില്‍ നരബലി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ദൃശ്യങ്ങളെന്ന് അധികൃതര്‍. ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ദി യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ (സേണ്‍) പരിസരത്ത് നരബലി നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മേല്‍ക്കുപ്പായം ധരിച്ച ആളുകള്‍ സേണിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ വിഗ്രഹത്തിന് സമീപം പ്രാര്‍ത്ഥിക്കുന്നതും തുടര്‍ന്ന് ഒരു സ്ത്രീയെ മുന്നോട്ട് എത്തിച്ച് നിലത്ത് കിടത്തുകയും ഈ സമയം നരബലി നടത്തുന്നതായുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. നരബലി നടത്തിയെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സേണ്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഗൂഢസ്വഭാവമുള്ള കലാസൃഷ്ടി മാത്രമാണ് ഇതെന്നും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സേണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക അനുമതികള്‍ കൂടാതെയാണ് സേണിന്റെ പരിസരത്ത് നിന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും ഐഡന്റിറ്റി കാര്‍ഡുകള്‍ മുഖേന മാത്രമേ സേണില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നും സംഭവത്തെ കുറിച്ച് സേണ്‍ വക്താവ് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല