സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തീരത്ത് ദുരൂഹത പരത്തി 166 മനുഷ്യ തലയോട്ടികള്‍; കൂട്ടക്കൊലയുടെ ഇരകളെന്ന് നിഗമനം. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്താണ് 166 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തിയത്. കൂട്ടത്തോടെ കുഴിച്ചിട്ടവരുടേതാകാം ഇവയെന്നാണ് സൂചന. തലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും സമീപപ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല. വസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മെക്‌സിക്കോയില്‍ 2006 നു ശേഷം മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം അധികരിച്ചിട്ടുണ്ട്. മയക്കുമരുന്നു റാക്കറ്റുകള്‍ക്കിടയിലുള്ള പോരാട്ടങ്ങളുടേയും രക്തച്ചൊരിച്ചിലുകളുടേയും പ്രധാന വേദിയായിരുന്നു വെരാക്രൂസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല