സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ യുവതികള്‍ക്കും കുട്ടികള്‍ക്കുമായി വലവിരിച്ച് മനുഷ്യക്കടത്ത് സംഘങ്ങളും പെണ്‍വാണിഭക്കാരും. മ്യാന്മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്തുന്ന കുട്ടികളും യുവതികളും അടക്കമുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷണം വാഗ്ദാനം നല്‍കിയാണ് ഇത്തരം സംഘങ്ങള്‍ വലയിലാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ലക്ഷക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. മേല്‍ക്കൂര പോലുമില്ലാത്ത ക്യാമ്പുകളിലാണ് പല അഭയാര്‍ത്ഥികളും കഴിയുന്നത്. ക്ലീനിങിനും മറ്റു വീട്ടു ജോലികള്‍ക്കും എന്ന പേരിലാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ അഭയാര്‍ത്ഥികളെ സമീപിക്കുന്നത്. എന്നാല്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്കാണ് സംഘങ്ങള്‍ അവരെ കൊണ്ടു പോകുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ കെയര്‍ ബംഗ്ലാദേശ് ഡയറക്ടര്‍ സിയ ചൗധരി പറയുന്നു.
പണം നല്‍കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നവരുമുണ്ട്. ഇത്തരം സംഘങ്ങളെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നുണ്ടെന്നും സിയ ചൗധരി പറയുന്നു. മ്യാന്‍മാര്‍ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരാണ് ബംഗ്ലാദേശിലെത്തുന്ന അഭയാര്‍ത്ഥികള്‍. കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുകയോ ദൃക്‌സാക്ഷികളാവുകയോ ചെയ്ത, അടിയന്തിര സഹായം ആവശ്യമായ 4,48,000 അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല