സ്വന്തം ലേഖകന്‍: ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണസംഖ്യ 50 ആയി; ചെളിയില്‍ പുതഞ്ഞ് കിടക്കുന്നത് മുന്നൂറോളം പേരെന്ന് നിഗമനം; ദുരന്തത്തിന്റെ കാരണം അറിയില്ലെന്ന് കൈ കഴുകി അണക്കെട്ട് ഉടമകളായ ഖനി കമ്പനി. ബ്രസീലിയന്‍ ഖനി ഭീമനായ വാലെ കന്പനിയുടെ ഉടമസ്ഥതയിലുള്ള അണക്കെട്ട് തകര്‍ന്നാണ് 50 ഓളം പേര്‍ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേരെ കാണാതായി.
തെക്കുകിഴക്കന്‍ സംസ്ഥാനമായ മിനാസ് ഗെരെയ്‌സിലെ ബ്രൂമാഡീഞ്യോ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്പു ഖനിയിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരുന്ന അണക്കെട്ടാണു തകര്‍ന്നത്. വെള്ളിയാഴ്ച തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയായിരുന്നു ദുരന്തം. ഡാമില്‍ കെട്ടിക്കിടന്നിരുന്ന ചെളി അതിശക്തിയോടെ ഒലിച്ചെത്തി കമ്പനിയുടെ കെട്ടിടങ്ങളെ മുഴുവന്‍ മൂടുകയായിരുന്നു.
സമീപത്തെ ജനവാസ കേന്ദ്രവും ചെളിയില്‍ മൂടി. റോഡുകള്‍ ഉപയോഗശൂന്യമായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ നൂറോളം പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. തകര്‍ന്ന ഡാമിനു 42 വര്‍ഷത്തെ പഴക്കമാണുള്ളത്. 282 അടി ഉയരമുള്ള അണക്കെട്ടില്‍ പ്രധാനമായും ഖനിയില്‍നിന്നു പുറത്തേക്കു തള്ളുന്ന ചെളിയും അവിശിഷ്ടങ്ങളുമാണ് തടഞ്ഞുനിര്‍ത്തിയിരുന്നത്. അണക്കെട്ട് തകര്‍ന്നൊഴുകിയ ചെളിവെള്ളം സമീപത്തെ അണക്കെട്ടിനും അപകടഭീഷണി ഉയര്‍ത്തിക്കഴി!ഞ്ഞു.
ഈ അണക്കെട്ടും കവിഞ്ഞ് ചെളിയൊഴുകുകയാണ്. ഇതും തകര്‍ന്നേക്കാമെന്ന സൂചനയെത്തുടര്‍ന്നു നാട്ടുകാരായ 39,000 പേരെ ഒഴിപ്പിച്ചു. ദുരന്തമേഖലയില്‍ ഹെലികോപ്റ്റററില്‍ സന്ദര്‍ശനം നടത്തിയ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ചെളിയില്‍ മൂടിയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സൈന്യത്തെ സഹായിക്കാനായി ഇസ്രയേലില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം അറിയില്ലെന്നാണ് വാലെ കമ്പനി മേധാവികള്‍ പറഞ്ഞത്. മിനാസ് ഗെരെയ്‌സില്‍ നൂറു കണക്കിന് ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാലെയുടെയും ഓസ്‌ട്രേലിയന്‍ ഖനി കമ്പനി ബിഎച്ച്പി ബില്ലിട്ടണിന്റെയും ഉടമസ്ഥതയില്‍ മരിയാന നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയിലെ അണക്കെട്ട് 2015ല്‍ തകര്‍ന്നത് ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നാശത്തിനു കാരണമായിരുന്നു. ദുരന്തത്തില്‍ 19 പേര്‍ മരിക്കുകയും മാലിന്യങ്ങള്‍ പരന്ന് രണ്ടര ലക്ഷം പേര്‍ക്ക് ശുദ്ധജലം ഇല്ലാതാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല