![](https://www.nrimalayalee.com/wp-content/uploads/2022/11/Husband-Thief-Find-My-Phone-App.jpg)
സ്വന്തം ലേഖകൻ: ബാഗ് മോഷ്ടിച്ച് സ്ഥലംവിട്ട കള്ളൻ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചു കാണില്ല, അതും അമേരിക്കയിൽ നിന്ന്. മലബാർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കള്ളൻ യുവതിയുടെ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്ന് സ്വർണവും പണവും മൊബൈൽ ഫോണും ആണ് തമിഴ്നാട് തൂത്തുക്കുടി തിരുനെൽവേലിയിലെ ജെ.ജേക്കബ് (47) മോഷ്ടിച്ചത്.
പ്രതിയെ മണിക്കൂറുകൾക്കകം ആണ് പോലീസ് പിടിച്ചത്. കാസർകോട് റെയിൽവേ പൊലീസ് എഎസ്ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫിസർ അജയൻ, ഡ്രൈവർ പ്രദീപ് എന്നിവർ ആണ് അറസ്റ്റു ചെയ്തത്. ഫോണിലെ ഫൈൻഡ് മൈ ഫോൺ എന്ന ആപ്പാണ് 6 മണിക്കൂർ തികയും മുൻപുതന്നെ മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്.
എറണാകുളം സ്വദേശിനി ജെ.പൂർണശ്രീയുടെ ബാഗാണ് കവർന്നത്. എറണാകുളത്തെ സ്വന്തം വീട്ടിൽ നിന്നു പയ്യന്നൂർ മണിയറയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ട്രെയിനിൽ വരുമ്പോൾ ആയിരുന്നു കോഴിക്കോടിനും തലശ്ശേരിക്കും ഇടയിൽ വെച്ച് രാവിലെ ആറോടെ കവർച്ച നടന്നത്. ബെർത്തിൽ സൂക്ഷിച്ച ബാഗിൽ നിന്നു പഴ്സ് എടുത്ത ശേഷം കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ്‌ലെറ്റ് എന്നിവയടക്കം മൂന്നര പവൻ സ്വർണവും ഫോണും പണവും എടുത്ത് പഴ്സ് സീറ്റിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അച്ഛൻ എൻ.ജയറാമിന്റെ ഫോണിൽ നിന്ന് പൂർണശ്രീ അമേരിക്കയിലുള്ള ഭർത്താവ് എം.പി.ഗിരീഷിനെ വിളിച്ചു. ഇതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് നടന്നത്. ഗിരീഷിന്റെ ഫോണുമായി പൂർണയുടെ ഫൈൻഡ് മൈ ആപ് വഴി ബന്ധിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ഫോൺ എവിടെയെന്നു മനസ്സിലാക്കാൻ സാധിച്ചു. ആപ്പ് വഴി ഫോൺ അതേ ട്രെയിനിൽ തന്നെ ഉണ്ടെന്ന് മനസ്സിലായി.
എന്നാൽ ആരുടെ കയ്യിലാണ് ഉള്ളതെന്ന് മനസിലായി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ റെയിൽവേ പൊലീസിനു പരാതി നൽകി. അവരും ട്രെയിനിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പൂർണശ്രീയും അച്ഛനും പയ്യന്നൂരിൽ ഇറങ്ങിയശേഷവും ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസിന് കൈമാറി. ഫോൺ അപ്പോൾ മൊഗ്രാൽപുത്തൂർ ഭാഗത്തേക്ക് നീങ്ങുന്നതായി മനസ്സിലാക്കി അക്കാര്യവും പൊലീസിനെ അറിയിച്ചു. ഗിരീഷിന്റെ സുഹൃത്തായ കാസർകോട് പൊലീസിലെ നരേന്ദ്രനും വിവരങ്ങൾ കൈമാറി.
മോഷ്ടാവ് ബസിൽ മൊഗ്രാൽപുത്തൂർ ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് മനസ്സിലായ റെയിൽവേ പൊലീസ് കാസർകോട് ട്രാഫിക് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് കാസർകോട് ട്രാഫിക് എഎസ്ഐ വിനോദ്, ട്രാഫിക് ഡ്രൈവർ ദാസ് എന്നിവർ ബസ് തടഞ്ഞ് മോഷ്ടാവിനെ പിടികൂടി. പതിനൊന്നോടെ പിടികൂടിയ പ്രതിയെ ഉച്ചയ്ക്കു ശേഷം കണ്ണൂർ റെയിൽവേ പൊലീസിന് കൈമാറി. ആർപിഎഫും റെയിൽവേ പൊലീസും ലോക്കൽ പൊലീസും നടത്തിയ സമയോചിത ഇടപെടലാണ് അതിവേഗം പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് പൂർണശ്രീയുടെ അച്ഛൻ എൻ.ജയറാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല