1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2019

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികള്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ദേശീയപാത 44 ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് പ്രതികള്‍ നാല് പേരും കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിയിലാണ് വെടിവെയ്‌ക്കേണ്ടിവന്നതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. മുഹമ്മദ് പാഷ, ജോളു നവീന്‍, ചിന്ന കേശവുലു, ജോളു ശിവ എന്നി നാല്‌ പേരാണ് കൊല്ലപ്പെട്ടത്.

തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അപ്പോഴാണ് വെടിവെക്കേണ്ടിവന്നതെന്നും പോലിസ് പറയുന്നു. ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പേരും പോലിസ് കസ്റ്റഡിയിലായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ രംഗത്തെത്തി. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം.

വനിതാ ഡോക്ടറെ അക്രമിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ അനുസരിച്ചില്ല. വെടിയുതിര്‍ക്കുന്നത് തുടര്‍ന്നു. അപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നത്. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തതെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.

പ്രതികളുടെ കൈയ്യില്‍ നിന്നും 2 തോക്കുകള്‍ പിടിച്ചെടുത്തു. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തിലും സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. അതില്‍ അന്വേഷണം നടക്കുകയാണെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.

ഇരയുടെ ഫോണ്‍ വീണ്ടെടുക്കാനാണ് പുലര്‍ച്ചെ പ്രതികളെ കൊണ്ടു പോയതെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 28 നാണ് മൃഗഡോക്ടറായ ഇരുപത്തിയാറുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ടോള്‍പ്ലാസയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ കാറ്റഴിച്ചുവിട്ട പ്രതികള്‍ സഹായിക്കാനായി അടുത്തു കൂടിയാണ് ഡോക്ടറെ ബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തിയത്. ബലാല്‍സംഗത്തിനു ശേഷം മൃതദേഹം 20 കിലോമീറ്റര്‍ അകലെയെത്തിച്ച് കത്തിച്ചു കളയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.