സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുജോലിക്കാരി ആയി എത്തിയ ഹൈദരാബാദുകാരിക്ക് സ്‌പോണ്‍സറില്‍ നിന്ന് ക്രൂര പീഡനം, നരകത്തില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് ശബ്ദ സന്ദേശം. ഹൈദരാബാദിലെ ബാബനഗറിലുള്ള സി ബ്ലോക്കില്‍ നിന്നും സൗദിയിലെത്തിയ സല്‍മ ബീഗം (39) ആണ് സ്‌പോണ്‍സറുടെ വീട്ടുതടങ്കലില്‍ കഴിയുന്നത്. നാട്ടുകാരായ അക്രം, ഷാഫി എന്നീ ഇടനിലക്കാര്‍ വഴിയാണ് ബീഗം സൗദിയില്‍ എത്തിയത്.
നാട്ടിലെ സാമ്പതിക പ്രയാസങ്ങള്‍ മൂലമാണ് ബീഗം സൗദിയില്‍ വീട്ടുജോലിക്കായി ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടുജോലിക്കെന്ന വ്യാജേന സൗദിയില്‍ എത്തിച്ച ബീഗത്തെ ഏജന്റുമാര്‍ മൂന്നു ലക്ഷം രൂപ സ്‌പോണ്‍സര്‍ക്ക് വില്‍ക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ ബീഗം മകള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലൂടെയാണ് വിവരം പുറം ലോകമറിഞ്ഞത്. തന്നെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ അപേക്ഷിക്കുന്നു.
സ്‌പോണ്‍സര്‍ ബീഗത്തെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങാത്താണ് ക്രൂരമായ പീഡനത്തിലേക്ക് നയിച്ചതെന്ന് സന്ദേശത്തില്‍ ബീഗം പറയുന്നു. സ്‌പോണ്‍സറില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനങ്ങള്‍ ബീഗത്തിന് ഏല്‍ക്കുന്നതായാണ് സൂചന. അമ്മയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ സമീന ആദ്യം ഇടനിലക്കാരനായ അക്രമിനെ സമീപിച്ചുവെങ്കിലും അയാള്‍ കയ്യൊഴിഞ്ഞു.
ഇതോടെ അവള്‍ കച്ചന്‍ബാഗിലെ പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ പോലും അവര്‍ തയ്യാറായില്ലെന്ന് മകള്‍ ആരോപിക്കുന്നു. ബീഗത്തെ മോചിപ്പിച്ച് സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല