സ്വന്തം ലേഖകന്‍: ‘തീര്‍ന്നില്ല, ഇനിയുമുണ്ട് സമ്മാനങ്ങള്‍,’ പുതുതായി പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് യുഎസിനുള്ള സമ്മാനമാണെന്ന് ഉത്തര കൊറിയ, കൊറിയക്കാര്‍ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. അമേരിക്കയ്ക്ക് കൂടുതല്‍ സമ്മാനങ്ങള്‍ കരുതി വച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ യുഎന്‍ അംബാസഡര്‍ ഹാന്‍ ടെ സോങ് പറഞ്ഞു.
യുന്‍ കോണ്‍ഫറണ്‍സില്‍ സംസാരിക്കുകയായിരുന്നു സോങ്. കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചുവെന്ന വാര്‍ത്ത സോങ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ മൂന്നിനായിരുന്നു പരീക്ഷണം. ഇക്കാര്യത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സോങ് പറഞ്ഞു. അത് തന്റെ രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള പരീക്ഷണമായിരുന്നു. അത് അമേരിക്കയ്ക്കുള്ള സമ്മാനപ്പൊതിയായിരുന്നെന്നും സോങ് പറഞ്ഞു.
ഉത്തര കൊറിയക്കെതിരായ പ്രകോപനം തുടരുന്ന കാലത്തോളം അമേരിക്കയ്ക്ക് ഇത്തരം സമ്മാനങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുമെന്നും സോങ് കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ്ദം ചെലുത്തിയോ ഉപരോധം ഏര്‍പ്പെടുത്തിയോ ഉത്തര കൊറിയയെ കീഴ്‌പ്പെടുത്താനാകില്ലെന്നും സോങ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയ കഴിഞ്ഞ ദിവസം നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
രാജ്യാന്തര സമൂഹത്തെ വെല്ലുവിളിച്ച് മിസൈല്‍, അണ്വായുധ പരീക്ഷണം തുടരുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ തിരിച്ചടിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ തുടര്‍ പ്രകോപനങ്ങള്‍ക്കു മൂക്കുകയറിടാന്‍ സാധ്യമായ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി യോഗത്തില്‍ ഹാലെ പറഞ്ഞു.
ഉന്നിന്റെ പ്രവൃത്തി സ്വയംപ്രതിരോധം തീര്‍ക്കലാണെന്നു വ്യാഖ്യാനിക്കാന്‍ കഴിയില്ല. അണ്വായുധശേഷിയുണ്ടെന്നു ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാനുള്ള വ്യഗ്രതയാണത്. അണ്വായുധശക്തികളായ രാജ്യങ്ങള്‍ സ്വയം നിര്‍വഹിക്കുന്ന ഉത്തരവാദിത്വം ചുമലിലേറ്റാനുള്ള വിവേകം ഉന്നിനില്ല. ഇതര രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ളതല്ല വിനാശകാരികളായ ആയുധങ്ങളെനും ഹാലെ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല