മരംകേറി, താന്തോന്നി, അമിത വികൃതി, അധികപ്രസംഗി- ഏതെല്ലാം പേരിട്ട് നാമിവരെ വിളിക്കുന്നു. മിക്കവാറുമെല്ലാവര്‍ക്കും ഏതെങ്കിലും കുട്ടികളെ ഇങ്ങനെ വിളിക്കേണ്ടിവന്നിരിക്കാം. ക്ലാസ്സില്‍ അടങ്ങിയിരിക്കാത്ത, ദിനചര്യകള്‍ ചിട്ടയായി ചെയ്യാത്ത, മറ്റുള്ളവരെ വെറുതെ ഉപദ്രവിക്കുന്ന കുട്ടികള്‍, അപഥസഞ്ചാരത്തിലേക്ക് എളുപ്പം വീണുപോവുന്നവര്‍, പഠനത്തിലും ജോലിയിലും ശ്രദ്ധചെലുത്താന്‍ കഴിയാത്തവര്‍, സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത കുട്ടികള്‍…
ഇവരുടെയെല്ലാം തുടക്കം മിക്കവാറും അശ്രദ്ധയും വികൃതിയും പ്രധാനപ്രശ്‌നമായ എ.ഡി.എച്ച്.ഡി. (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) എന്നറിയപ്പെടുന്ന അസുഖത്തില്‍നിന്നായിരിക്കും. 100-ല്‍ അഞ്ചിലധികം കുട്ടികളില്‍ കണ്ടുവരുന്ന ഒരു സാമൂഹികപ്രശ്‌നമാണിത്. ഈ രോഗം ബാധിച്ച 470 ലക്ഷത്തോളം പേരുണ്ടെന്നത് ഇതിന്റെ വ്യാപ്തി വിളിച്ചോതുന്നു.
ലക്ഷണങ്ങള്‍:
ത്രൈയ ലക്ഷണങ്ങളായ, അശ്രദ്ധ, അമിതവികൃതി, മുന്‍വിചാരമില്ലാത്ത എടുത്തുചാട്ടം എന്നിവയാണ് എ.ഡി.എച്ച്.ഡി.യുടെ പ്രാഥമിക ലക്ഷണങ്ങള്‍.
ശ്രദ്ധയില്ലായ്മയുടെ ചില ലക്ഷണങ്ങള്‍
സ്‌കൂള്‍ പഠനത്തിലോ വീട്ടിലെ പ്രവൃത്തികളിലോ അശ്രദ്ധ കാണിക്കുക, ആവര്‍ത്തിച്ച് അശ്രദ്ധയോടെയുള്ള തെറ്റുകള്‍ വരുത്തുക, കളിയിലും ശ്രദ്ധവേണ്ടുന്ന പ്രവൃത്തികളിലും തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, നേരിട്ട് സംസാരിക്കുമ്പോള്‍ കേള്‍ക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുക, ഗൃഹപാഠങ്ങളും മറ്റ് പ്രവൃത്തികളും പാതിവഴിയില്‍ ഉപേക്ഷിക്കുക, ദിനചര്യകള്‍ ക്രമീകരിച്ച് ചെയ്യുന്നതിനോ ചിട്ടയായി പ്രവൃത്തികള്‍ ചെയ്യുന്നതിനോ ഉള്ള കഴിവില്ലായ്മ, തുടര്‍ച്ചയായ മാനസികശ്രദ്ധ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള വിമുഖത, സ്‌കൂളുകളിലും കളിയിടങ്ങളിലും സ്വന്തം സാധനങ്ങള്‍ അശ്രദ്ധയോടെ നഷ്ടപ്പെടുത്തുക, നേരിയ ചലനങ്ങളോ, ശ്രദ്ധയര്‍ഹിക്കാത്ത വസ്തുതകളോ മൂലം പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ശ്രദ്ധ തിരിയല്‍. ഈ പറഞ്ഞതില്‍ ആറ് കാര്യങ്ങളോ സമാനമായതോ ഉണ്ടെങ്കില്‍, അശ്രദ്ധാപ്രശ്‌നം കൂടുതലുള്ള തരത്തിലുള്ള എ.ഡി.എച്ച്. ഡി. ഉണ്ടെന്ന് പറയാം.
അധിക ബഹളത്തിന്റെയും എടുത്തുചാട്ടത്തിന്റെയും ലക്ഷണങ്ങള്‍:
എല്ലായ്‌പ്പോഴും, ഒരു പ്രവൃത്തിചെയ്യുമ്പോഴും, കൈയോ കാലോ കൊണ്ട് തെരുപ്പിടിക്കുക, സീറ്റില്‍ അടങ്ങാതെ ഇരിക്കുക, ക്ലാസിലോ, മീറ്റിങ്ങുകളിലോ ഉറച്ചിരിക്കാതെ എഴുന്നേറ്റു പോകുക, ജനാലകളിലും മരങ്ങളിലും പ്രായത്തിനു രൂപമല്ലാത്ത നിലയില്‍ വലിഞ്ഞുകയറുക, നിശ്ശബ്ദമായി വിശ്രമവേളയിലെ വിനോദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാതിരിക്കുക, എല്ലായ്‌പ്പോഴും ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന മാതൃകയില്‍ ഓടുകയും പ്രവൃത്തികള്‍ ചെയ്തുകൊണ്ടുമിരിക്കുക, ആവശ്യത്തിലധികം സംസാരിക്കുക, ചോദ്യം ചോദിച്ചുതീരുന്നതിനു മുന്‍പേ ഉത്തരം എടുത്തുചാടിപ്പറയുക, തന്റെ ഊഴം വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ, മറ്റുള്ളവരുടെ പ്രവൃത്തികളിലും സംസാരത്തിലും മാന്യതയില്ലാതെയുള്ള നുഴഞ്ഞുകയറ്റം. തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകളും പരാജയങ്ങളും ഇവരെ കൂടുതല്‍ അപകര്‍ഷതാബോധമുള്ളവരാക്കി മാറ്റും. കൗമാരപ്രായത്തില്‍ മോഷണം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തം എന്നിവ ഈ അസുഖമുള്ളവരെ കാത്തിരിക്കുന്നുണ്ട്.
ചികിത്സ:
ശാരീരിക അസുഖങ്ങളോ കാഴ്ച-കേള്‍വി വൈകല്യങ്ങളോ ഇല്ല എന്നുറപ്പാക്കി, മുന്‍വിവരിച്ച ലക്ഷണങ്ങളുള്ള കുട്ടികളെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ചികിത്സയ്ക്ക് വിധേയരാക്കാം. പ്രശ്‌നങ്ങള്‍ കാലംകഴിയുമ്പോള്‍ മാറും എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
ചികിത്സാരീതികള്‍:
തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാണ് എ.ഡി.എച്ച്.ഡി. ഉണ്ടാകുന്നത്. അതിനാല്‍തന്നെ ആ രാസവസ്തുക്കളുടെ ശരിയായ ലഭ്യത ഉറപ്പാക്കുകയാണ് ചികിത്സയുടെ പ്രധാനഭാഗം. മരുന്നുചികിത്സ വളരെ അത്യാവശ്യമാണ്. അധികപാര്‍ശ്വഫലങ്ങളുണ്ടാക്കാത്ത മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കണം.
ബിഹേവിയറല്‍ തെറാപ്പി: സ്വഭാവരൂപവത്കരണ ചികിത്സയാണ് അടുത്തപടി. ചിലര്‍ക്ക് മരുന്നുചികിത്സയും ബിഹേവിയറല്‍ തെറാപ്പിയും ഒരുമിച്ചുവേണ്ടിവരാം.
സ്വഭാവരൂപവത്കരണ ചികിത്സയുടെ പടവുകള്‍:
പ്രതിഫലവും ശിക്ഷയും ഉപയോഗിച്ചുകൊണ്ടുള്ള സ്വഭാവരൂപവത്കരണം, ക്ലാസ്മുറിയും പഠനവും കേന്ദ്രീകരിച്ചുള്ള ചികിത്സ, അച്ചടക്കവും പിതൃപുത്രബന്ധവും നന്നാക്കല്‍, അനുബന്ധ മാനസികപ്രശ്‌നങ്ങളുടെ ചികിത്സ
സ്വഭാവരൂപവത്കരണം:
നമ്മളെല്ലാം നല്ല പ്രവൃത്തി ചെയ്യുന്നത്, മറ്റുള്ളവര്‍ നല്ലതു പറയുന്നതുകൊണ്ടും നല്ല പ്രവൃത്തിക്ക് പ്രതിഫലം കിട്ടുന്നതു കൊണ്ടും തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ്. ഇതേ തത്ത്വം തന്നെയാണ് എ.ഡി.എച്ച്.ഡി. ഉള്ളവരുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നത്.
ലക്ഷ്യങ്ങള്‍:
ആദ്യമായി ഏതൊക്കെ കാര്യങ്ങളിലാണ് മാറ്റം വേണ്ടതെന്ന് നിര്‍ണയിക്കണം. സ്‌കൂളിലെ മുന്നേറ്റം, മറ്റുള്ളവരോടുള്ള സഹവര്‍ത്തിത്വം, നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പിന്തിരിപ്പിക്കല്‍, സ്വാശ്രയത്വം, അപകര്‍ഷതാബോധം നീക്കംചെയ്യല്‍ എന്നിവയാകണം ചികിത്സാലക്ഷ്യം.
മാതാപിതാക്കളുടെ പരിശീലനം:
മാതാപിതാക്കളും കുട്ടികളുടെ സ്വഭാവരൂപവത്കരണ ചികിത്സയ്ക്ക് സജ്ജരാകണം. നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം അടിക്കടി നടപ്പാക്കുമ്പോള്‍ നല്ല സ്വഭാവം രൂപീകൃതമാകും.
ചികിത്സയുടെ ഒന്നാംപടവ്:
കുട്ടിയും മാതാപിതാക്കളുമായുള്ള നല്ല സമയം ആദ്യ രണ്ടാഴ്ച, 30 മിനിട്ടുള്ള ‘നല്ല സമയം’ നടപ്പാക്കുക. ഈ അരമണിക്കൂറില്‍ കുട്ടിയുടെ കളിയോ മറ്റു പ്രവര്‍ത്തനമോ നിരീക്ഷിച്ച് നല്ല വാക്കുകള്‍ പറയുക.
രണ്ടാംപടവ് അഥവാ പ്രതിഫലത്തോടെയുള്ള നല്ല പ്രവൃത്തി:
ദിവസത്തില്‍ അഞ്ച് പ്രാവശ്യമെങ്കിലും കുട്ടി ചെയ്യുന്ന നല്ല പ്രവൃത്തികള്‍ കണ്ടെത്തി അഭിനന്ദിക്കുക. നല്ല പ്രവൃത്തിക്ക് മുന്‍കൂര്‍ ഉറപ്പിച്ച പ്രതിഫലമോ സമ്മാനമോ നല്‍കുക. കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള സമീപനമേ പാടുള്ളൂ.
മൂന്നാംപടവ്:
പെരുമാറ്റവൈകല്യത്തിന് ശിക്ഷയും പ്രതിഫലനിഷേധവും- തെറ്റായ പ്രവര്‍ത്തനം വീണ്ടും വീണ്ടും ഉണ്ടാകുകയും അതിനെല്ലായ്‌പ്പോഴും നിര്‍ബന്ധമായും ശിക്ഷയോ മറ്റാനുകൂല്യങ്ങളുടെ നഷ്ടപ്പെടലോ ഉണ്ടാവുകയും ചെയ്താല്‍ തെറ്റ് ചെയ്യാനുള്ള വാസന കുറയും. ഡി.എച്ച്.ഡി. എന്ന രോഗം നമ്മുടെ ചൊല്പടിയില്‍ നില്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല