രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ തകരുന്ന ലോകമൊന്നുമല്ല ഇന്നത്തേത്, പ്രത്യേകിച്ച് ബ്രിട്ടനില്‍. പക്ഷെ പ്രേമിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി എന്നിട്ടും പരസ്പരം ഒന്ന് ചുംബിക്കുവാന്‍ ഭയപ്പെടുന്ന രണ്ടുപേര്‍ ഉണ്ട് ഇവിടെ. വീട്ടുകാരെയോ സദാചാരികളെയോ പേടിച്ചിട്ടല്ല. ലീ വാര്‍ ലീക്ക് തന്റെ കാമുകി റെയ്ച്ചല്‍ പ്രിന്‍സ് (24) ചുംബിക്കാന്‍ പറ്റാത്തത് കാമുകിയുടെ വിചിത്രമായൊരു രോഗം മൂലമാണ്. വെള്ളം അലര്‍ജിയാണ് റെയ്ച്ചലിന്. അതിനാല്‍ ചുംബനത്തിലൂടെ ജലാംശം പകര്‍ന്നാല്‍ അത് പിന്നെ ദേഹമാസകലം ചുവന്നു തിണര്‍ത്ത പാടുകള്‍ ഉണ്ടാക്കും.
കാമുകിയെ എത്ര കഠിനമായി പ്രണയിച്ചിട്ടും ചുംബനം ലഭിക്കാത്ത ലക്ഷത്തില്‍ ഒരാളാണ് റെയ്ച്ചലിന്റെ പ്രതിശ്രുത വരനായ ഇരുപത്തിയാറുകാരന്‍ ലീ വാര്‍ വിക്ക്. ഉമിനീരിന്റെ ചെറിയ അംശം മതിയാകും റെയ്ച്ചലിന്റെ ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍. അത് പോലെതന്നെ നീന്താനും കുളിക്കാനും മഴ നനയാനും എന്തിനു വെള്ളം കുടിക്കുവാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് കഷ്ടം. ഇപ്പോള്‍ വെള്ളം ഉപയോഗിച്ചുള്ള വീട്ടുജോലികള്‍ മിക്കതും ലീ ആണ് ചെയ്യുന്നത്.
ചെറിയ ഒരുമ്മ ലീ കവിളില്‍ തന്നാല്‍ പോലും അപ്പോള്‍ തന്നെ അത് തുടച്ചു കളയേണ്ട സ്ഥിതിയാണെന്ന് റെയ്ച്ചല്‍ പറയുന്നു. ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം അക്വാജെനിക് അര്ട്ടികാരിയ എന്നാണു. 2004 മുതലാണ് ഈ അസുഖം റെയ്ച്ചലില്‍ കണ്ടു തുടങ്ങിയത്. സ്വന്തം ഉമിനീര്‍, കണ്ണുനീര്‍, രക്തം, വിയര്‍പ്പ് എന്നിവ പോലും റേയ്ച്ചലിനു ഭീഷണിയായിട്ടുണ്ട്. കുളിയാണ് റേയ്ച്ചലിനു ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ചെറിയ രീതിയില്‍ കുളിച്ചാലും പിന്നീട് ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും റേയ്ച്ചലിനു താങ്ങാന്‍ സാധിക്കില്ല.
കുളി കഴിഞ്ഞാല്‍ പിന്നെ കുറെ സമയത്തേക്ക് അനങ്ങാന്‍ പോലും ബുദ്ധിമുട്ടാണെന്ന് റെയ്ച്ചല്‍ പറയുന്നു. പോകുന്ന ഇടങ്ങളിലെല്ലാം ഒരു കുട കൊണ്ട് പോകും. മാത്രവുമല്ല ദേഹമാസകലം മൂടുന്ന തരത്തില്‍ ഒരു കോട്ടും റെയ്ച്ചലിനുണ്ട്. വെള്ളം കുടിക്കുമ്പോള്‍ പോലും തൊണ്ടയില്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. പഴച്ചാറുകളും ചായയുമാണ് വെള്ളത്തേക്കാള്‍ നിരുപദ്രവം. ഈ വാലന്റെയ്ന്‍സ് ദിനത്തില്‍ തന്റെ പ്രണയിനിയെ ചുംബിക്കാനുള്ള ആഗ്രഹം ലീ മറച്ചു വക്കുന്നില്ല. എന്നാല്‍ റെയ്ച്ചലിന് വിഷമമുണ്ടാക്കുന്നത് ലീ ചെയ്യുമോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല