സ്വന്തം ലേഖകന്‍: ‘എനിക്കു ശ്വാസം കിട്ടുന്നില്ല,’ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്; കൊലയ്ക്ക് മുമ്പ് വിദഗ്ദ ആസൂത്രണം നടന്നതായി സൂചന. ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ സിഎ!ന്‍എന്‍ ആണ് പുറത്തുവിട്ടത്. കൊലപാതകികളോടാണ് ഖഷോഗി 3 തവണ ഇങ്ങനെ പറഞ്ഞത്. സംഭവം നടക്കുമ്പോളെടുത്ത ഓഡിയോ റെക്കോര്‍ഡിങ്ങിന്റെ രേഖ കണ്ട ആളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സിഎന്‍എന്‍ വ്യക്തമാക്കി.
കൊലപാതക വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ഫോണ്‍ വിളികളും ഉണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ്. ഫോണ്‍ വിളികള്‍ റിയാദിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരുന്നുവെന്നു കരുതുന്നു. എല്ലു മുറിക്കുന്ന ഉപകരണം കൊണ്ടാണ് ശരീരം കീറിമുറിച്ചതെന്നും കൊലപാതകികളിലൊരാളെ ഖഷോഗി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
സൗദിയിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫിസര്‍ ജനറല്‍ മഹര്‍ മുത്രബ് എന്നയാള്‍ ‘നിങ്ങള്‍ (സൗദിയിലേക്ക്) തിരിച്ചുപോരുകയാണ്’ എന്നു പറയുന്നതും ‘അതു നടക്കില്ല, പുറത്തു ആളുകള്‍ കാത്തിരിപ്പുണ്ട്’ എന്ന് ഖഷോഗി പറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. മുത്രബ് ആണ് അപ്പപ്പോള്‍ വിവരങ്ങള്‍ ഫോണില്‍ കൈമാറിയത്. ഖഷോഗിയുടെ തുര്‍ക്കിക്കാരിയായ കാമുകി ഹാറ്റിസ് സെന്‍ഗിസ് അപ്പോള്‍ കോണ്‍സുലേറ്റിനു മുന്നില്‍ കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ ഖഷോഗിക്കു ലഹരിമരുന്നു നല്‍കി മയക്കിയതായി സൂചനയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല