മലയാളത്തിന്‍റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ മനസില്‍ ഒന്നൊളിച്ച് പുറത്ത് മറ്റൊന്ന് പറയുന്ന ആളല്ല. സാഹചര്യമോ പരിസരമോ സമയമോ നോക്കാതെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്‍റെ ഗ്രാന്‍റ് ഫിനാലെയില്‍ അവതാരക രഞ്ജിനി ഹരിദാസിനെ പരസ്യമായി ജഗതി പരിഹസിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.
ജഗതി വീണ്ടും കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, ജയറാം ദിലീപ്, റാഫി – മെക്കാര്‍ട്ടിന്‍ തുടങ്ങിയവരിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു എന്നാണ് ജഗതിയുടെ പുതിയ പ്രസ്താവന. എന്താണ് കാരണമെന്നല്ലേ?
ഒരു സിനിമാവാരികയുടെ ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് ജഗതി ഇങ്ങനെ പറയുന്നത്. “അടുത്തിടെ റിലീസായ ചൈനാ ടൌണ്‍ എന്ന ചിത്രത്തില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം കണ്ടിറങ്ങിയ ഭൂരിപക്ഷം പേര്‍ക്കും ഞാന്‍ ആ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന അഭിപ്രായമായിരുന്നു. ചിത്രം കണ്ടപ്പോള്‍ എനിക്കും അങ്ങനെ തോന്നി. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഡയറക്ടര്‍മാരാണ് റാഫിയും മെക്കാര്‍ട്ടിനും. അനുഭവ സമ്പത്തില്‍ ഒട്ടും പിറകിലല്ല മോഹന്‍ലാലും ജയറാമും ദിലീപും. അങ്ങനെയുള്ളവരുടെ ഒരു ടീമില്‍ നിന്നും എന്നെ തേടി ഒരു വേഷമെത്തുമ്പോള്‍ അത് മോശമായിരിക്കുമെന്ന് എനിക്ക് തോന്നിയില്ല. അത് അവരിലുള്ള എന്‍റെ വിശ്വാസമാണ്. പക്ഷേ ചൈനാ ടൌണ്‍ എന്ന ചിത്രത്തോടെ ആ വിശ്വാസം തകര്‍ക്കപ്പെട്ടു” – ജഗതി തുറന്നടിക്കുന്നു.
‘ദേ, ഇങ്ങോട്ട് നോക്ക്യേ…” എന്ന ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതും അബദ്ധമായിപ്പോയെന്ന് ജഗതി പറയുന്നു. “ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് കഥയറിയില്ലെന്നോ സംവിധാനം അറിയില്ലെന്നോ പറഞ്ഞ് എനിക്ക് ചോദ്യം ഉയര്‍ത്താനാകുമോ? പകരം അദ്ദേഹത്തെ വിശ്വസിക്കാനേ എനിക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഫലമോ? ആ പടം എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ പരാജയമായിരുന്നു” – ജഗതി വെളിപ്പെടുത്തുന്നു.
ഈ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജഗതി ശ്രീകുമാര്‍ പറയുന്നു. ഓടിനടന്ന് അഭിനയിക്കുവാന്‍ ഇനി ഞാനുണ്ടാവില്ല. കഥ നിര്‍ബന്ധമായും കേട്ടിരിക്കും. എനിക്കുചേര്‍ന്ന വേഷങ്ങളേ ഇനിമുതല്‍ ഞാന്‍ ചെയ്യൂ – ജഗതി തന്‍റെ തീരുമാനം അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല