1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2011

ഇനിയൊരിക്കലും കണ്ടുമുട്ടില്ലായെന്നു കരുതിയ സഹോദരനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് 57കാരിയായ കരോലിന്‍ ബാര്‍ടണ്‍. താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പറഞ്ഞു മാത്രം അറിഞ്ഞ സഹോദരനെ തിരക്കിയുള്ള കരോളിന്റെ അന്വേഷണത്തിനാണ് 40 വര്‍ഷങ്ങള്‍ക്കു ശേഷം ഉത്തരമായിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ കാലഘട്ടത്തിലാണ് കരോലിന്റെ മൂത്ത സഹോദരനായ കോളിന്‍ ബര്‍ക്കറ്റിനെ അമ്മ മറ്റൊരു കുടുംബത്തിന് ദത്തു നല്‍കിയത്. രണ്ടാമത്തെ വയസ്സില്‍ കോളിനെ ദത്തു നല്‍കുമ്പോള്‍ കരോളിന്‍ ജനിച്ചിട്ടു പോലുമില്ലായിരുന്നു പിന്നീട് അമ്മയില്‍ നിന്നും തനിക്കൊരു മൂത്ത സഹോദരനുണ്ടെന്നു മനസ്സിലാക്കിയ കരോളിന്‍ കഴിഞ്ഞ നാല്‍പതു വര്‍ഷമായി സഹോദരനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു,

താന്‍ ദത്തെടുക്കപ്പെട്ടതാണെന്നും തന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ വേറെയാണെന്നും തിരിച്ചറിഞ്ഞ കോളിനും തന്റെ പതിനാലാം വയസ്സു മുതല്‍ യഥാര്‍ത്ഥ മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. തന്നെ ദത്തെടുത്തവര്‍ വളരെ നല്ലവരായിരുന്നുവെന്നും എന്നാല്‍ തന്റെ യഥാര്‍ത്ഥ കുടുംബമേതെന്നറിയാനുള്ള ആകാംക്ഷയാണ് ഇത്തരമൊരന്വേഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും കോളിന്‍ പറഞ്ഞു.

ജീവിതത്തില്‍ ഇതുവരെ തമ്മില്‍ കണ്ടിട്ടില്ലായെങ്കിലും സഹോദരങ്ങള്‍ തമ്മില്‍ പലപ്പോഴും ജീവിതത്തിന്റെ പലഘട്ടങ്ങളിലും അറിയാതെ കണ്ടിരുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കരോലിന്റെ മൂത്തമകന് കരോലിന്‍ നല്‍കിയ പേര് തനിക്ക് നഷ്ടപ്പെട്ടു പോയ സഹോദരന്റേതായിരുന്നു, എന്നാല്‍ കരോലിന്റെ മൂത്ത പുത്രന്റെയും കോളിന്റെയും ജന്മ ദിനങ്ങള്‍ ഒരു ദിവസമായത് യാദൃശ്ചികം മാത്രമായിരുന്നു.

തമ്മില്‍ തമ്മില്‍ അന്വേഷണം നടത്തിയിരുന്ന കാലഘട്ടത്തില്‍ അത് 10 മിനിറ്റു കൊണ്ട് മാത്രം എത്തി ചേരാവുന്ന ദൂരത്തിരുന്നായിരുന്നു, എന്നാല്‍ രണ്ടു പേരു ഒരിക്കലും തമ്മില്‍ മനസ്സിലാക്കിയിരുന്നില്ലയെന്നതാണ് പ്രധാനം.
40 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക് അറുതി വരുത്തി സഹോദരങ്ങളുടെ പുനസമാഗമത്തിന് വഴിയൊരുക്കിയത് കരോളിന്‍ പുതിയതായി വാങ്ങിയ ഐ ഫോണാണ്. ഐ ഫോണിലെ വോയ്‌സ് പ്രോഗ്രാമായ സിറിയുടെ സഹായത്തോടെയാണിതു സാധ്യമായത്.

ഇതില്‍ എന്താണ് ചോദിക്കേണ്ടതെന്നാലോചിച്ച കരോളിന്‍ തന്റെ സഹോദരനെ കണ്ടെത്തി തരാമോ എന്നാണ് ആവശ്യപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ സഹോദരനെ കണ്ടെത്തിയെന്ന വിവരമാണ് ലഭിച്ചത്. തനിക്കിതാദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലായെന്നും എന്നാല്‍ അവര്‍ പറഞ്ഞിടത്തെത്തിയ താന്‍ സഹോദരനെ കണ്ട് അതിശയിച്ചുവെന്നും കരോളിന്‍ പറഞ്ഞു.

മകനെ കാണണമെന്നാഗ്രഹിച്ച അമ്മ അതിന് സാധിക്കാതെ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞതാണ് ഏറ്റവും വലിയ ദു:ഖമെന്ന്് ഇവര്‍ പറഞ്ഞു. ഇതിനാല്‍ തന്നെ കണ്ടുമുട്ടിയ ഉടന്‍ ആദ്യമായി പോയത് അമ്മയുടെ ശവകുടീരത്തിലേക്കായിരുന്നു,
ബോക്‌സിംഗ് ഡേ ഒരുമിച്ചാഘോഷിച്ച സഹോദരങ്ങള്‍ ഇനി പുതുവത്സരത്തില്‍ വീണ്ടും കണ്ടുമുട്ടാമെന്നു പറഞ്ഞാണ് പിരിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.