സ്വന്തം ലേഖകൻ: ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ മൂന്നുദിവസത്തോളം നീണ്ട പരിശോധനകള്‍ക്ക് പിന്നാലെ ബിബിസിക്കെതിരെ ഗുരുതര കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സര്‍വേയില്‍ നിന്നും നിരവധി വിവരങ്ങള്‍ കണ്ടെത്തിയതായും വകുപ്പ് അറിയിച്ചു. സര്‍വേ നടപടികള്‍ക്ക് പിന്നാലെ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ബിബിസിക്ക് പ്രക്ഷേപണമുണ്ട്. എന്നാല്‍ സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. ബിബിസി ഗ്രൂപ്പ് വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകളില്‍ നികുതി അടച്ചിട്ടില്ല. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതുകൂടാതെ ജീവനക്കാരുടെ മൊഴിയും നിര്‍ണായക രേഖകളും കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണ്ടെത്തലുകളോട് ബിബിസി പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച പകല്‍ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. പോലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം. ഗുജറാത്ത് കലാപമടക്കം പരാമര്‍ശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ബി.ബി.ബി. ഓഫീസുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല