സ്വന്തം ലേഖകന്‍: പത്ത് ദിവസത്തിനകം കേരളത്തില്‍ മടങ്ങിയെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം മോചിപ്പിക്കപ്പെട്ട് വത്തിക്കാനില്‍ എത്തിയ ദഫാ. ടോം സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മുഖ്യപ്രശ്‌നം. ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എന്തിനാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് അറിയില്ല. അവര്‍ പറഞ്ഞതുമില്ല. മോചനദ്രവ്യം ചോദിക്കാന്‍ പദ്ധതിയിട്ടത് പിന്നീട്, എന്നാല്‍ പണം നല്‍കിയതായി അറിയില്ലെന്നും ഫാ. ടോം വ്യക്തമാക്കി. ശരീരം മെലിഞ്ഞത് പ്രമേഹം കൊണ്ടാണ്; ഭക്ഷണത്തിന്റെ കുറവ് ആയിരുന്നില്ല. മോചനത്തിനായി ഇടപെട്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഫാ. ടോം കൂട്ടിച്ചേര്‍ത്തു.
ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്നും മോശമായി പെരുമാറിയില്ലെന്നും ഫാ. ടോം പറഞ്ഞു. പ്രമേഹത്തിനുള്ള മരുന്നും ഡോക്ടറുടെ സേവനവും ലഭ്യമാക്കി. ഒന്നരവര്‍ഷം ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയില്‍ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തടവിനിടെ പ്രാര്‍ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഫാദര്‍ ടോം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല