സ്വന്തം ലേഖകന്‍: അഭിമാനത്തോടെ തിരിച്ചെത്തി; അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വാഗാ അതിര്‍ത്തി കടന്നെത്തിയ അഭിനന്ദനെ നെഞ്ചോട് ചേര്‍ത്ത് രാജ്യം; ഇനി ഡല്‍ഹിയില്‍ മനഃശാസ്ത്ര പരിശോധനയും ഡീ ബ്രീഫിങും. വെള്ളിയാഴ്ച രാത്രി 9.21 നാണ് അറുപതു മണിക്കൂര്‍ പാകിസ്താന്റെ മണ്ണില്‍ക്കഴിഞ്ഞ അഭിനന്ദന്‍ ചെറുപുഞ്ചിരിയോടെ ഇന്ത്യന്‍ മണ്ണിലേക്ക് നടന്നുവന്നത്. മകന്‍ തിരികെയെത്തുന്നതു കാണാന്‍ അഭിനന്ദന്റെ അമ്മ ഡോ. ശോഭയ്‌ക്കൊപ്പം അച്ഛനും റിട്ട. എയര്‍മാര്‍ഷലുമായ സിംഗക്കുട്ടി വര്‍ത്തമനും അടാരിയില്‍ എത്തിയിരുന്നു.
അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതുമുതല്‍ സ്വീകരിക്കാന്‍ സജ്ജമായിരുന്നു അടാരി അതിര്‍ത്തി. പതിവ് പതാകതാഴ്ത്തല്‍ച്ചടങ്ങ് വെള്ളിയാഴ്ച വേണ്ടെന്നുവെച്ചു. പതിവിലുമേറെ സുരക്ഷാക്രമീകരണങ്ങളൊരുക്കി. പതാകതാഴ്ത്തല്‍ ചടങ്ങുകാണാനും അഭിനന്ദനെ സ്വീകരിക്കാനും ദേശീയ പതാകയും പൂമാലകളും ഭാരത് മാതാ കീ ജയ് വിളികളുമായി കൂടിയവര്‍ പിരിഞ്ഞുപോയി.
റാവല്‍പിണ്ടിയില്‍നിന്ന് രണ്ടരമണിയോടെയാണ് പാകിസ്താന്‍ അഭിനന്ദനെ ലഹോറിലെത്തിച്ചത്. അവിടെനിന്ന് പാക് സേനാവാഹനങ്ങളുടെ അകമ്പടിയോടെ വാഗ അതിര്‍ത്തിയിലേക്ക്. 23 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടെ വൈകീട്ട് 5.23ഓടെ വാഹനവ്യൂഹം എത്തി. ശത്രുരാജ്യത്തിന്റെ പിടിയിലായ സൈനികന്‍ തിരിച്ചെത്തിയാല്‍ നടത്തുന്ന പരിശോധനകളും കടലാസുജോലികളും നീണ്ടുപോയി. സംശയങ്ങളും ഉദ്വേഗങ്ങളും അഭ്യൂഹങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞു. അതിനിടെ അഭിനന്ദനെ സ്വീകരിക്കാനെന്നോണം പഞ്ചാബ് അതിര്‍ത്തിയില്‍ മഴപെയ്തു. പരിശോധനകള്‍ പൂര്‍ത്തിയാക്കി 9.21ഓടെ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി. അദ്ദേഹത്തെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കണമെന്ന അഭ്യര്‍ഥന മാനിക്കാതെയാണ് പാകിസ്താന്‍ റോഡുമാര്‍ഗം അതിര്‍ത്തിയിലെത്തിച്ചത്.
വാഗാ അതിര്‍ത്തിയിലെത്തിച്ചശേഷം അഭിനന്ദനെ പാകിസ്താന്‍ അന്താരാഷ്ട്ര റെഡ്‌ക്രോസ് അധികൃതര്‍ക്കാണ് കൈമാറിയത്. യുദ്ധത്തടവുകാരെ കൈമാറുന്ന ജനീവ കരാര്‍ പ്രകാരമായിരുന്നു ഈ നടപടി. റെഡ്‌ക്രോസ് വിശദമായ വൈദ്യപരിശോധന നടത്തി. പിന്നെ പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. പാകിസ്താന്‍ അതിര്‍ത്തിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം വാഗ അതിര്‍ത്തിയിലേക്ക്. അപ്പോള്‍ അഭിനന്ദന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞുനിന്നു. വാഗാ അതിര്‍ത്തികടന്ന് അടാരിയിലെത്തിയ അദ്ദേഹത്തെ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേന ഏറ്റുവാങ്ങി. സ്വീകരിക്കാന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ടി. കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘവുമുണ്ടായിരുന്നു.
അഭിനന്ദന്റെ മടങ്ങിവരവിനുപിന്നാലെ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.ടി. കപൂര്‍ വാര്‍ത്താലേഖകരെ കണ്ടു. അഭിനന്ദന്‍ മടങ്ങിവന്നതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ചട്ടപ്രകാരമുള്ള വൈദ്യപരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കുമെന്ന് അറിയിച്ചു. വിമാനത്തില്‍നിന്ന് പാരച്യൂട്ടില്‍ ചാടിയതിനാലുള്ള പരിക്കും മറ്റുമുള്ളതിനാലാണ് പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദന്റെ അസാധാരണ ധീരതയെ അനുമോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ അഭിനന്ദനെ സ്വീകരിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രോട്ടോക്കോള്‍ പ്രശ്‌നംകാരണം മാറിനിന്നു. നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് പോര്‍വിമാനം വെടിവെച്ചിട്ടതിനുപിന്നാെല അഭിനന്ദന്‍ പറത്തിയിരുന്ന മിഗ്21 ബൈസണ്‍ വിമാനം തകര്‍ന്നാണ് വ്യോമസേനാംഗമായ അദ്ദേഹം പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല