സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അപ്രത്യക്ഷമായ ഇന്ത്യന്‍ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല, പ്രതീക്ഷ മങ്ങുന്നു. അഞ്ചു ദിവസം മുമ്പ് കാണാതായ വിമാനത്തിനുവേണ്ടി വ്യോമസേനയും നാവികസേനയും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിയും വിമാനാവശിഷ്ടങ്ങളോ യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ കണ്ടത്തൊനായില്ല.
തിരച്ചില്‍ വിഫലമാകുന്നതില്‍ അതിയായ ഖേദമുണ്ടെന്നും കാണാതായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അരുപ് രാഹ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. വിമാനം കാണാതായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങളെ അതിജീവിക്കാനുള്ള കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങളും പരിശീലനവും എയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയുടെ 13ഉം തീരരക്ഷാസേനയുടെ നാലും കപ്പലുകള്‍ക്കൊപ്പം 16 വിമാനങ്ങളും തുടര്‍ച്ചയായി തിരച്ചില്‍ നടത്തിവരുകയാണെന്നും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബയും ന്യൂഡല്‍ഹിയില്‍ അറിയിച്ചു. ഏല്ലാ രീതിയിലുമുള്ള ശാസ്ത്രീയമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് തീരരക്ഷാ സേനയുടെ കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജന്‍ ബര്‍ഗോത്ര ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ 14,400 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തിക്കഴിഞ്ഞെന്നും എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ (എ.എല്‍.ടി) പ്രവര്‍ത്തിക്കാത്തതാണ് തിരച്ചില്‍ ഫലപ്രദമാകാതിരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിമാനത്തിന്റെ പൈലറ്റ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദിശ മാറ്റാന്‍ അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥക്കിടെ ദിശ മാറ്റാന്‍ ശ്രമിച്ചപ്പോഴുണ്ടായ സാങ്കേതിക തകരാര്‍ മൂലം വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല