സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനൽക്കാല വിമാന സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് ഈ സമയക്രമം പ്രാബല്യത്തിലുണ്ടാകുക. നിലവിലുള്ള ശീതകാല പട്ടികയിൽ ആഴ്ചയിൽ ആകെ 1202 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ സർവീസുകൾ 1484 ആയി ഉയർന്നു. അന്താരാഷ്ട്ര സെക്ടറിൽ 23-ഉം ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്.
അന്താരാഷ്ട്ര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 51 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽനിന്നുള്ളത്. ഇൻഡിഗോ-63, എയർ ഇന്ത്യ എക്സ്പ്രസ്-44, സ്പൈസ് ജെറ്റ്-21, എയർ അറേബ്യ അബുദാബി-20, എയർ ഏഷ്യ ബർഹാദ്-18, എയർ അറേബ്യ-14, എമിറേറ്റ്സ് എയർ-14, എത്തിഹാദ് എയർ-14, ഒമാൻ എയർ-14, സൗദി അറേബ്യൻ-14, സിങ്കപ്പൂർ എയർലൈൻസ്-14 എന്നിങ്ങനെയാണ് അന്താരാഷ്ട്ര സർവീസുകൾ.
എയർ അറേബ്യ അബുദാബി ആഴ്ചയിൽ 10 അധിക സർവീസുകൾ നടത്തും. എയർ ഏഷ്യ ബർഹാദ് ക്വലാലംപുരിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കുന്നുണ്ട്. ഇതോടെ ക്വലാലംപുരിലേക്ക് പ്രതിദിനം ശരാശരി അഞ്ച് സർവീസുകൾ ആകും. സ്പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും ഇൻഡിഗോ ദമാമിലേക്കും ബഹ്റൈനിലേക്കും പ്രതിദിന അധിക സർവീസുകൾ നടത്തും. ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി-റാസ്-അൽ-ഖൈമ പ്രതിദിന വിമാന സർവീസ്, കൊച്ചിയിൽനിന്നുള്ള പുതിയ അന്താരാഷ്ട്ര സെക്ടറിന് വഴി തെളിക്കും.
എയർ ഇന്ത്യ യുകെ സർവീസ് ഹീത്രൂവിനു പകരം ലണ്ടനിലേക്ക് (ഗാറ്റ്വിക്ക്) മാറ്റിയിട്ടുണ്ട്. ആഭ്യന്തര പ്രതിവാര വിമാന സർവീസുകളിൽ ബെംഗളൂരുവിലേക്ക് 131, മുംബൈയിലേക്ക് 73, ഡൽഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴ് സർവീസുകൾ വീതവും ഉണ്ടായിരിക്കും.
എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവ ഹൈദരാബാദിലേക്കും ഇൻഡിഗോ, ആകാശ എയർ എന്നിവ ബെംഗളൂരുവിലേക്കും പ്രതിദിന അധിക വിമാന സർവീസുകൾ ആരംഭിക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം എന്ന നിലയിൽ വലിയ മാറ്റങ്ങൾക്കായി സിയാൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല