സ്വന്തം ലേഖകന്‍: ഐഎഎസ് പ്രണയം ലൗ ജിഹാദെന്ന് ഹിന്ദു മഹാസഭ, തങ്ങളുടേത് സസ്വതന്ത്ര പ്രണയമെന്ന് കമിതാക്കളുടെ മറുപടി. തന്റെ പ്രണയം ലൗവ് ജിഹാദ് ആക്കുന്നവര്‍ക്ക് സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരി ടീന ധാബി സ്വതന്ത്ര പ്രണയം എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലാണ് മറുപടി നല്‍കിയത്. കാര്‍ത്തികേയ സിംഗ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഒരു ഉദ്ധരണി ഷെയര്‍ ചെയ്തു കൊണ്ടാണ് ടീനയുടെ മറുപടി.
സിവില്‍ സര്‍വീസ് രണ്ടാം റാങ്ക് ജേതാവായ അത്താര്‍ അമീറുള്‍ ഷാഫി ആണ് ടീന ധാബിയുടെ മനം കവര്‍ന്നത്. കശ്മീരി മുസ്ലീമായ അത്താറുമായി ടീന ഉടന്‍ വിവാഹിതയാകാനിരിക്കുകയാണ്. അതിനിടെയാണ് ഇവരുടെ പ്രണയം ലൗവ് ജിഹാദാണെന്ന് ആരോപിച്ച് ഹിന്ദു മഹാസഭ രംഗത്ത് വന്നത്. വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാവ് മുന്ന കുമാര്‍ ശര്‍മ ടീനയുടെ മാതാപിതാക്കള്‍ക്ക് കത്തയക്കുകയും ചെയ്തു.
പ്രതിഭാശാലികള്‍ അവരുടെ മനസിലെ ആശയങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ ഭയക്കുന്നു. കാരണം നിലവാരമില്ലാത്ത ചിന്താഗതി വച്ച് പുലര്‍ത്തുന്നവരില്‍ നിന്ന് അവര്‍ ഭീഷണി നേരിടുന്നു. അവര്‍ കൂട്ടമായി സഞ്ചരിക്കുന്നവരാണ്. എല്ലായ്‌പ്പോഴും എണ്ണത്തില്‍ കൂടുതലും അവരാണ്. അംഗസംഖ്യയിലെ ബലം കൊണ്ട് അവര്‍ പ്രതിഭാശാലികളെ അവമതിക്കുന്നു. പ്രതിഭാശാലികള്‍ എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ്. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും ലോകം ഭരിക്കുന്നത് താഴ്ന്ന നിലവാരത്തില്‍ ചിന്തിക്കുന്നവരാണ്.
തന്റെ പ്രണയം വിവാദമാക്കിയ ഹിന്ദു മഹാസഭയ്ക്കുള്ള മറുപടിയെന്നോണമാണ് ടീനയുടെ പോസ്റ്റ്. മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും അതിനെയാണ് എല്ലാവരും പിന്തുടരേണ്ടതെന്നും മറ്റൊരു പോസ്റ്റില്‍ ടീന ധാബി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല