സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് മലയാളി ഉദ്യോഗസ്ഥന്റെ വീടിന് മുന്നില്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനിയും താന്‍ ജോലിയില്‍ പ്രവേശിക്കുന്നത് ശരിയാകില്ലെന്ന് കണ്ണന്‍ വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം സില്‍വസയിലെ വീട്ടില്‍ എത്തിയപ്പോഴാണ് നോട്ടീസിനെ കുറിച്ച് അറിഞ്ഞത്. രാജി സ്വീകരിക്കാത്തതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്റെ അഭിപ്രായം ഞാന്‍ ജനങ്ങളോട് പറഞ്ഞതാണ്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയും ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് ശരിയാകുമെന്ന് കരുതുന്നില്ല,’ കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഭാവിയെ കുറിച്ച് ഇനിയും തീരുമാനിച്ചട്ടില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ കഴിഞ്ഞ ദിവസം രാജിവച്ചത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല