സ്വന്തം ലേഖകൻ: ടി20 ലോകകപ്പ് ആരവത്തിന് അറബ് ലോകം സാക്ഷിയാകുമ്പോൾ യു.എ.ഇയിലെയും ഒമാനിലെയും ഗാലറികൾ സുസജ്ജം. 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ നാലു സ്റ്റേഡിയങ്ങളിലും പൂർത്തിയായിട്ടുണ്ട്. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരം ഇന്ന് മസ്കത്തിലാണ് നടക്കുക. യു.എ.ഇയിലെ ആദ്യ മത്സരം നാളെ അബൂദബിയിൽ അരങ്ങേറും.
ഐ.പി.എൽ കഴിഞ്ഞതിനാൽ യു.എ.ഇയിലെ സ്റ്റേഡിയങ്ങളെല്ലാം നേരത്തെ സജ്ജമായിരുന്നു. എന്നാൽ, ഐ.പി.എല്ലിൽ കാണികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഗാലറിയിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങളുടെ താഴ്ഭാഗത്ത് കറുത്ത തുണി ഉപയോഗിച്ച് മറച്ചിരുന്നു. ഐ.പി.എൽ േപ്ല ഓഫ്, ഫൈനൽ മത്സരങ്ങൾക്കായി ഈ ഭാഗവും തുറന്നു നൽകിയിരുന്നു. സീറ്റുകളിൽ സ്റ്റിക്കർ പതിപ്പിക്കുന്ന ക്രമീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഐ.പി.എല്ലിൽ ഒന്നിടവിട്ട സീറ്റുകളിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. എന്നാൽ, ലോകകപ്പിൽ നാല് സീറ്റുകൾക്ക് ശേഷം ഒരു സീറ്റ് ഒഴിച്ചിടുന്ന രീതിയിലാണ് ക്രമീകരണം എന്നാണ് സൂചന. പ്രധാന മത്സരങ്ങളുടെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ ടിക്കറ്റ് ഇനിയും ബാക്കിയുണ്ട്. മത്സരിക്കുന്നത് ചെറിയ ടീമുകളായതിനാൽ ടിക്കറ്റിന് ഡിമാൻഡ് കുറവാണ്. ഏറ്റവും വേഗത്തിൽ വിറ്റഴിയുന്നത് ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റാണ്.
പ്രാഥമിക റൗണ്ടിലെ ഗ്രൂപ് ബി മത്സരങ്ങൾക്കു ശേഷം ഒമാൻ, ബംഗ്ലാദേശ്, പാപ്പ്വ ന്യൂ ഗിനി, സ്കോട്ട്ലാൻഡ് എന്നീ ടീമുകൾ 21ന് യു.എ.ഇയിൽ എത്തും. ഈ ടീമുകളുടെ മത്സരങ്ങൾ മാത്രമാണ് ഒമാനിൽ നടക്കുക. ബാക്കി മത്സരങ്ങളെല്ലാം ദുബൈ, അബൂദബി, ഷാർജ സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല