സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ‘സ്റ്റോപ്പ് ക്ലോക്ക്’ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി ഐസിസി. ലോകകപ്പ് ക്രിക്കറ്റിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലും ടി20 ഫോർമാറ്റിലും പുതിയ നിയമം നടപ്പിൽ വരുത്തുന്നത്. അതേസമയം, ഈ മാസം 25ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ ഈ നിയമം പ്രാബല്യത്തിൽ വരുമോയെന്ന് വ്യക്തമല്ല.
ഏകദിന, ടി20 ഫോർമാറ്റുകളിൽ ഓവറുകൾക്കിടയിൽ എടുക്കുന്ന സമയത്തിന്റെ അളവ് നിയന്ത്രിക്കാൻ ക്ലോക്ക് ഉപയോഗിക്കുന്ന രീതിയാണിത്. 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ എറിയാൻ ബൗളിംഗ് ടീം തയ്യാറായിരിക്കണം. ഒരു മത്സരത്തിൽ മൂന്നാം തവണയും ബൗളിംഗ് ടീം ഈ സമയം അതിക്രമിച്ചാൽ അവർക്ക് ഫൈൻ ചുമത്തും. അഞ്ച് റൺസാണ് പിഴ ചുമത്തുക. അതായത് ബാറ്റിങ്ങ് ടീമിന് വെറുതെ അഞ്ച് റൺസ് അധികമായി ലഭിക്കും.
ബൌളിങ്ങ് ടീമിന് കൂടുതൽ സമ്മർദ്ദം സമ്മാനിക്കുന്നതാകും ഈ നിയമമെന്ന് ആശങ്കയുണ്ട്. നിശ്ചിത സമയത്തിനകം ഫീൽഡിങ്ങ് ക്രമീകരണം പൂർത്തിയാക്കി മത്സരം പുനരാരംഭിക്കാൻ ക്യാപ്റ്റനും കളിക്കാരും ഇതോടെ നിർബന്ധിതരാകും.
അതേസമയം, ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റ് കൌൺസിലിനെ വിലക്കിയെങ്കിലും, ഐസിസി ടൂർണമെന്റുകളിലും ദ്വിരാഷ്ട്ര മത്സരങ്ങളിലും ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് മത്സരിക്കാമെന്ന് ഐസിസി ഭാരവാഹികൾ അറിയിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ധനകാര്യ ചുമതലകൾ ഐസിസി ഏറ്റെടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ട്രാൻസ്‌ജെൻഡർ വനിതകളെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമുകളിൽ കളിക്കുന്നതിൽ നിന്ന് വിലക്കി ഐസിസി. കായികരംഗത്തെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ഐസിസി നൽകുന്ന വിശദീകരണം. ഇതിന് പുറമെ ഐസിസി വനിതാ ചാമ്പ്യൻഷിപ്പിൽ തുല്യ വേതനവും ന്യൂട്രൽ അമ്പയർമാരുടെ സാന്നിധ്യവും ഉറപ്പാക്കും. ഐസിസി ബോർഡ് മീറ്റിംഗിൽ വരുത്തിയ പരിഷ്കാരങ്ങളിലാണ് ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല