സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ആസ്‌ട്രേലിയ ലോക ക്രിക്കറ്റിലെ നെറുകയിലെത്തി. ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യമായ 184 റണ്‍സ് ആസ്‌ട്രേലിയ 33 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇത് അഞ്ചാം തവണയാണ് ആസ്‌ട്രേലിയ ലോക ചാമ്പ്യന്മാവുന്നത്.
1987, 1999, 2003, 2007 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ആസ്‌ട്രേലിയ കപ്പു നേടിയത്. വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടന്‍ മൈക്കല്‍ ക്ലാര്‍ക്ക് (74), സ്റ്റീവന്‍ സ്മിത്ത് (56), ഡേവിഡ് വാര്‍ണര്‍ (45), എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. ഗ്രാന്‍ഡ് ഏലിയട്ട് (83), റോസ് ടെയ്‌ലര്‍ (40) എന്നിവര്‍ മാത്രമാണ് ആസ്‌ട്രേലിയയുടെ ബൗളിംഗിനെതിരെ അല്‍പമെങ്കിലും പിടിച്ചു നിന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചേല്‍ ജോണ്‍സണ്‍, ജെയിംസ് ഫോക്‌നര്‍ എന്നിവരാണ് കീവികളെ തകര്‍ത്തത്.
ന്യൂസിലന്‍ഡിന്റേത് മോശം തുടക്കമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ബ്രണ്ടന്‍ മക്കല്ലം റണ്ണൊന്നുമെടുക്കാതെ പുറത്തായി. മിച്ചേല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മക്കല്ലത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 32 റണ്‍സ് ചേര്‍ത്ത് മാര്‍ട്ടിന്‍ ഗപ്ടിലും (15) കെയിന്‍ വില്യംസണും (12) പൊരുതാന്‍ ശ്രമിച്ചെങ്കിലും പതിനൊന്നാം ഓവറില്‍ ഗപ്ടിലിനെ ബൗള്‍ഡാക്കി ഗ്‌ളെന്‍ മാക്‌സ്‌വെല്‍ ന്യൂസിലന്‍ഡിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു.
രണ്ട് വിക്കറ്റ് വീണതിന്റെ ഞെട്ടല്‍ മാറും മുമ്പ് അടുത്ത ഓവറില്‍ വില്യംസണും മടങ്ങിയതോടെ കീവികള്‍ പ്രതിരോധത്തിലായി. തുടര്‍ന്നാണ് ഏലിയട്ടും ടെയ്‌ലറും രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സ് കൂട്ടി ചേര്‍ത്തു. മുപ്പത്തിയഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 150 ല്‍ നില്‍ക്കെ ടെയ്‌ലറെ ഹാഡിന്റെ കൈകളിലെത്തിച്ച് ഫോക്‌നര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു.
പിന്നാലെ വന്ന കോറി ആന്‍ഡേഴ്‌സന്‍ (0), ലൂക്ക് റോഞ്ചി (0)എന്നിവര്‍ പുറത്തായതോടെ ന്യൂസിലന്‍ഡ് വീണ്ടും തകര്‍ച്ചയിലേക്ക് വീണു. പരിചയ സമ്പന്നനായ ഡാനിയേല്‍ വെട്ടോറി (9) വന്നയുടനെ മടങ്ങി. അവസാന ഏഴു വിക്കറ്റുകള്‍ വെറും 33 റണ്‍സിനിടെ നഷ്ടമായ ന്യൂസിലന്‍ഡ് 183 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. നാലു ബാറ്റ്‌സ്ന്മാര്‍ പൂജ്യത്തിന് പുറത്തായി.
ആസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചേല്‍ ജോണ്‍സണ്‍, ജെയിംസ് ഫോക്‌നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല