സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ കടന്നു. ശ്രീലങ്കയുടെ 134 റണ്‍സെന്ന ദുര്‍ബല വിജയ ലക്ഷ്യം വെറും 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
ക്വന്റണ്‍ ഡി കോക്ക് പുറത്താവാതെ നേടിയ 74 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് സഹായകരമായത്. ലോകകപ്പിലെ നോക്കൗട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. 16 റണ്‍സെടുത്ത ഹാഷിം ആംലയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡ്യൂപ്‌ളെസിസ് 21 റണ്‍സുമായി പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് മത്സരത്തിലെ വിജയികളെയാണ് സെമിയില്‍ ദക്ഷിണാഫ്രിക്ക നേരിടാനുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക ലങ്കാദഹനം നടത്തുകയായിരുന്നു. 37.2 ഓവറില്‍ 133 റണ്‍സിന് ലങ്കയുടെ എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറും ഹാട്രിക് നേടിയ ഡൂമിനിയും ചേര്‍ന്നാണ് ലങ്കയെ തകര്‍ത്തത്. സംഗക്കാരയും, ലഹരി തിരുമനെയും ഒഴികെ ആര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെതിരെ പിടിച്ചു നില്‍ക്കാനായില്ല. ലങ്കയുടെ ഏഴ് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്.
ലോകകപ്പിലെ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ആദ്യ ഹാട്രികാണ് ഡുമിനിയുടേത്. ഏയ്ഞ്ചലോ മാത്യൂസ്, കുലശേഖര, കൗശല്‍ എന്നിവരാണ് ഡുമിനിയുടെ മുന്നില്‍ വീണത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല