അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഏകദിന ടീമിലേക്ക് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി അടക്കം നാല് ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏകദിന ലോകചാമ്പ്യന്മാരായ ടീം ഇന്ത്യയുടെ നായകന് മഹേന്ദ്രസിങ് ധോനിയാണ് ഐ.സി.സി.ടീമിന്റെ കപ്പിത്താന്. മധ്യനിര ബാറ്റ്സ്മാന് യുവരാജ്സിങ്, ഓപ്പണിങ് ബാറ്റ്സ്മാന് വീരേന്ദര്‍ സെവാഗ്, ഇടങ്കയ്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന് എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യക്കാര്‍. ലോകകപ്പ് റണ്ണേഴ്സപ്പായ ശ്രീലങ്കന്‍ ടീമിലെ മൂന്നു പേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് രണ്ടു പേരും ഇംഗ്ലണ്ട്, പാകിസ്താന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഓരോ കളിക്കാരും 12 ഐ.സി.സി. ടീമില്‍ ഇടംകണ്ടു.
ലോകകപ്പിലെ ടോപ്സ്കോററായ ക്യാപ്റ്റന്‍ തിലകരത്നനെ ദില്ഷന്, മുന്‍ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ( 12-ാമന്‍ ) എന്നിവരാണ് ലങ്കന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ മധ്യനിരക്കാരന് എ.ബി.ഡിവില്ലിയേഴ്സ്, ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്, പാകിസ്താന് പേസ് ബൗളര്‍ ഉമര്‍ ഗുല്‍, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണ്, ഇംഗ്ലണ്ട് ഓഫ്സ്പിന്നര്‍ ഗ്രേയം സ്വാന് എന്നിവര്‍ ചേരുന്നതോടെ ടീം പട്ടിക പൂര്‍ണമാവും.
ഏകദിനത്തിലെ മികച്ച താരങ്ങള്‍ക്കുള്ള ഐ.സി.സി. സാധ്യതാ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഹാഷിം അംല, സൂപ്പര്‍ ബാറ്റ്സ്മാന് സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരാണ് ലോക ടീമില്‍ ഇടംകാണാതെ പോയ പ്രമുഖര്‍. ടീം തിരഞ്ഞെടുപ്പിലേക്ക് പേരുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ആഗസ്ത് മൂന്ന് ആയിരുന്നു. നിരവധി കളിക്കാരെ പരിഗണിച്ചശേഷമാണ് അന്തിമ ടീമിനെ തീരുമാനിച്ചതെന്ന് സെലക്ഷന് കമ്മറ്റി തലവന്‍ ക്ലൈവ് ലോയ്ഡ് പറഞ്ഞു. 2010 ആഗസ്ത് 11നും 2011 ആഗസ്ത് മൂന്നിനുമിടയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിയായിരുന്നു തിരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല