1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2024

സ്വന്തം ലേഖകൻ: തെക്ക് പടിഞ്ഞാറന്‍ ഐസ്​ലന്‍ഡില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് അഗ്നിപര്‍വതം തീ തുപ്പുന്നത്. ഓറഞ്ച് നിറത്തിലുള്ള ലാവ ചുറ്റമുള്ള പ്രദേശങ്ങളിലേക്ക് ഒഴുകിപ്പരക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി പതിനാലിനായിരുന്നു നേരത്തെ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായത്. ഇത് രണ്ട് ദിവസത്തോളം നീണ്ടു നിന്നിരുന്നു.

സമീപത്തെ നഗരമായ ഗ്രിന്‍ഡാവിക്കിലേക്ക് അന്ന് ലാവ ഒഴുകിയിറങ്ങിയിരുന്നു. ഇതോടെ നാലായിരത്തോളം ജനങ്ങളെയാണ് അധികൃതര്‍ അന്ന് മാറ്റിപ്പാര്‍പ്പിച്ചത്. അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീ പിടിത്തത്തില്‍ ചില വീടുകളും ചാമ്പലായിരുന്നു. നിലവിലെ അഗ്നിപര്‍വത സ്ഫോടനം ഗ്രിന്‍ഡ്​വിക്കിനെ ബാധിക്കുമോയെന്ന് ഇതുവരെയും റിപ്പോര്‍ട്ടുകളായിട്ടില്ല.

അഗ്നിപര്‍വതത്തിന്‍റെ പരിസര പ്രദേശത്തുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വീടുകളും മറ്റ് കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനായി നവംബര്‍ മുതല്‍ തന്നെ ഡൈക്കുകള്‍ അധികൃതര്‍ നിര്‍മിച്ച് തുടങ്ങിയിരുന്നു. ലാവ പ്രവാഹത്തിന്‍റെ ഒഴുക്കിനെ ജനസാന്ദ്രതയേറിയ പ്രദേശത്ത് നിന്ന് വഴി തിരിച്ച് വിടാന്‍ ഡൈക്കുകള്‍ സഹായിക്കും.

യുഎസ് സംസ്ഥാനമായ കെന്‍റുകിയുടെ വലിപ്പം മാത്രമുള്ള ഐസ്​ലന്‍ഡില്‍ 30 ലേറെ സജീവ അഗ്നിപര്‍വതങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ അഗ്നിപര്‍വത വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ഐസ്​ലന്‍ഡ്. നിലവിലെ സ്ഫോടനത്തിന് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.