1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015

അപ്പച്ചന്‍ കണ്ണന്‍ചിറ

പ്രസ്റ്റണ്‍: സീറോ മലബാർ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെ ഔപചാരികമായ ഉദ്ഘാടനവും,ദേവാലയത്തിൻറെ പുന:സമർപ്പണവും അവിസ്മരണീയമാക്കുന്ന അനുഗ്രഹീത മുഹൂർത്തത്തിന് പ്രസ്റ്റണ്‍ ഒക്ടോബർ 3 നു ശനിയാഴ്ച സാക്ഷ്യം വഹിക്കുന്നു. ഈ അനുഗ്രഹീത തിരുക്കർമ്മം സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യനായ കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി പിതാവാണ് നിർവ്വഹിക്കുക.

സീറോ മലബാർ സഭക്കായി ഇടവകകളും, ദേവാലയവും അനുവദിക്കുകയും,സഭാംഗങ്ങൾക്കു അതുല്യമായ പ്രോത്സാഹനവും, സഹകരണവും, ഊർജ്ജവും നൽകിപ്പോരുകയും ചെയ്തുവരുന്ന ആതിതേയ ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മൈക്കിൾ കാംബെൽ ആലഞ്ചേരി പിതാവിനോടൊപ്പം ഈ അനുഗ്രഹീത കൂദാശയിൽ പങ്കു ചേരും.കൂടാതെ സീറോ മലബാർ സഭയുടെ വിശിഷ്ട അധികാരികൾ,അഭിവന്ദ്യരായ വൈദികർ, ആദരണീയരായ സന്യസ്തർ എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിൽ യു കെ യിലെ സഭയോട് സ്നേഹവും, തീക്ഷ്ണതയും പുലർത്തുന്ന വലിയ അത്മായ സമൂഹത്തെ സാക്ഷി നിറുത്തി അഭിവന്ദ്യ ആലഞ്ചേരി വലിയ പിതാവ് കൂദാശകർമ്മം നിർവ്വഹിക്കുമ്പോൾ യുറോപ്യൻ സഭാ ഭൂപടത്തിൽ പ്രസ്റ്റണ്‍ ശ്രദ്ധേയമാവും എന്ന് തീർച്ച.

പ്രസ്റ്റണിലെ പാരീഷ് വികാരിയും,താമരശ്ശേരി രൂപതാംഗവുമായ ഫാ.മാത്യു ജേക്കബ് ചൂരപൊയികയിൽ ഈ ആഘോഷവേളയെ പ്രൌഡഗംഭീരമാക്കുവാൻ താൽപ്പര്യപൂർവ്വം തയ്യാറെടുക്കുന്ന ആതിതേയ വിശ്വാസി സമൂഹത്തിനോടൊപ്പം നിന്നു കൊണ്ട് നേത്രുത്വം വഹിക്കും.

യൂറോപ്പിൽ സീറോ മലബാർ സഭക്കായി രണ്ടു വ്യക്തിഗത ഇടവകകൾ സാക്ഷാൽക്കരിച്ചതിനു പുറമേ സഭക്ക് സ്വന്തമായി അഭിമാനാർഹമായി ഒരു ദേവാലയവും കൂടി ചേർക്കപ്പെടുമ്പോൾ യു കെ യിൽ സീറോ മലബാർ സഭക്ക് ഇതര സ്ഥലങ്ങളിലും ഊർജ്ജവും,അനന്യതയും,പ്രതീക്ഷയും നൽകുന്ന സാഫല്യനാളുകളുടെ തുടക്കമാവട്ടെ ആലഞ്ചേരി പിതാവ് ഇവിടെ നാന്ദി കുറിക്കുക.

“വിളവിന്റെ നാഥൻ” യു കെ യിൽ പ്രത്യേകമായി ആത്മീയ അനുഗ്രഹീത വിത്ത്‌ പാകിയ ഇടം എന്ന് ഖ്യാതി നേടിയ പ്രിസ്റ്റനിൽ ആണ് യു കെ യുടെ അജപാലന ശുശ്രുഷകൾക്കായി സേവനം ചെയ്ത വൈദികരിൽ ഭൂരിപക്ഷവും ജനിച്ചതും ഇന്നും യു കെ യിൽ ആത്മീയ സേവനം ചെയ്തു വരുന്നവരും.”പ്രീസ്റ്റ് ടൌണ്‍”എന്നറിയപ്പെട്ടിരുന്ന ഈ അജപാലന ശുശ്രുഷക സ്രോതസ്സ് ആണ് “പ്രിസ്റ്റണ്‍” എന്ന ചുരുക്ക പേരിൽ പിന്നീട് അറിയപ്പെടുന്നത്. അജപാലന ശുശ്രുഷകരുടെ മഹനീയ കേന്ദ്രമായ പ്രിസ്റ്റനിലെ ദേവാലയവും, പേർസണൽ പാരീഷുകളും യു കെ യിലെ സീറോ മലബാർ സഭക്ക് അതിനാലെ തന്നെ ഏറെ അഭിമാനം നൽകും.

തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കിട്ടിയ സൽഫലവും,അനുഗ്രഹവും ആയി സ്വന്തം ദേവാലയത്തെയും വ്യക്തിഗത ഇടവകകളെയും കാണുകയും, പാരമ്പര്യങ്ങളും,പൈതൃകവും മുറുകെ പിടിക്കുകയും ചെയ്യുന്ന ലങ്കാസ്റ്റർ രൂപതയിലെ വിശ്വാസി സമൂഹം,യു കെ യിൽ സീറോ മലബാർ സഭക്ക് അഭിമാനം വിതറുന്ന ഈ തിരുക്കർമ്മം ഏറ്റവും മംഗളകരമായി ആഘോഷിക്കുവാനുള്ള വിപുലമായ ഒരുക്കത്തിലാണ്. പ്രഥമ വ്യക്തിഗത ഇടവകകളായ പ്രസ്റ്റണ്‍-ബ്ലാക്ക്പൂൾ ദിവ്യകാരുണ്യ സമൂഹവും, ലങ്കാസ്റ്ററിലെ മുഴുവൻ സഭാംഗങ്ങളും ഒത്തൊരുമിച്ചു അതി വിപുലമായ ആഘോഷ കമ്മിറ്റിയും,സ്വാഗത സംഘവും ഉടൻ തന്നെ രൂപീകരിച്ചു കൊണ്ട് പുനസമർപ്പണ കർമ്മത്തിനും,ആഘോഷത്തിനും,പ്രൌഡ ഗംഭീരമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നു.സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷനായതിനു ശേഷം ആദ്യമായി യു കെ യിൽ ഔദ്യോഗിക ചങ്ങിനെത്തുമ്പോൾ തങ്ങളുടെ വലിയ പിതാവിന് ഏറെ ആദരവോടെ,ഗംഭീരമായ വരവേൽപ്പ് ഒരുക്കുന്നതിന് യു കെ യിലെ മൊത്തം വിശ്വാസി സമൂഹം ഒരുങ്ങുകയായി.

ഇടവകകളുടെയും,ദേവാലയത്തിന്റെയും ഔദ്യോഗിക സമർപ്പണ കർമ്മം സീറോ മലബാർ സഭയുടെ പരമോന്നത ശ്രേഷ്ട ഇടയൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി പിതാവും,ലങ്കാസ്റ്റർ രൂപതാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട ബിഷപ്പ് മൈക്കിൾ കാംപെല്ലും,യു കെ കോർഡിനേട്ടർ തോമസ്‌ പാറയടിയിൽ അച്ചനും അടക്കം സഭയുടെ വിശിഷ്ട അധികാരികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷമായി നടത്തുന്നതിനു സഭാ മക്കൾ ഇനിയുള്ള നാളുകളിൽ രാപകലില്ലാതെ അശ്രാന്ത ഒരുക്കങ്ങളിലാവും.ഒപ്പം ഈ അനുഗ്രഹീത ചടങ്ങിൽ പങ്കു ചേരുവാൻ യു കെ യിലെ മുഴുവൻ സഭാ മക്കളും.

ഒക്ടോബർ 2 നു പ്രസ്റ്റനിൽ എത്തുന്ന അഭിവന്ദ്യ കർദ്ദിനാൾ 4 നു റോമിൽ ചേരുന്ന ബിഷപ്പ് സിനഡിൽ പങ്കു ചേരുവാനായി തിരിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.