1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2023

സ്വന്തം ലേഖകൻ: ആയിരക്കണക്കിനു പലസ്തീൻകാർ അഭയംപ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ബന്ദികളാക്കിയവരെ അൽ ഷിഫ ആശുപത്രിയിലാണു ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ‘ശക്തമായ സൂചന’ കിട്ടിയിരുന്നതായി നെതന്യാഹു പറഞ്ഞു.

‘‘ഗാസയിലെ അൽ ഷിഫ ആശുപത്രിയിലാണു ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്തമായ സൂചന ഞങ്ങൾക്കു രഹസ്യാന്വേഷണ ഏജൻസികളിൽനിന്നു കിട്ടിയിരുന്നു. അതുകൊണ്ടാണ് ആശുപത്രിയിൽ ഞങ്ങളുടെ സൈന്യം പ്രവേശിച്ചത്. ഈയാഴ്ചയാദ്യം ഇസ്രയേൽ സേനയുടെ ഓപ്പറേഷനു പിന്നാലെ ഹമാസ് ഇവിടെനിന്നു മാറിയിരിക്കാം’’– യുഎസ് മാധ്യമമായ സിബിഎസ് ഈവനിങ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി.

ഹമാസിന്റെ ഒരു സുരക്ഷിത സ്ഥാനവും ഗാസയിൽ ഇനിയില്ലെന്നും ഗാസ നഗരത്തിന്റെ ഉൾപ്രദേശങ്ങളിലേക്കു വരെ എത്തിയെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രതികരിച്ചിരുന്നു. വൈദ്യുതിയില്ലാത്തതിനാൽ അടിസ്ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിനു രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നു. വൈദ്യസഹായം കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിക്കുകയാണ്.

അൽ ഷിഫ ആശുപത്രി സമുച്ചയത്തിൽ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇതിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള രോഗികൾക്കും അഭയം പ്രാപിച്ച സാധാരണക്കാർക്കുമായി 4,000 ലീറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്തെന്നും ഇസ്രയേൽ അറിയിച്ചു.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽനിന്നു ഹമാസ് തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം അൽ ഷിഫ ആശുപത്രിക്കു സമീപം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 65 വയസ്സുകാരി യഹൂദിറ്റ് വീസ് ആണു മരിച്ചത്. 5 മക്കളുടെ അമ്മയായ ഇവർ നഴ്സറിയിലാണ് ജോലി ചെയ്തിരുന്നത്. ഗാസ മുനമ്പിലെ ഹമാസ് ഇവരെ കൊല്ലുകയായിരുന്നെന്നും കൃത്യസമയത്ത് അടുത്തെത്താനായില്ലെന്നും ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.

അൽ ഷിഫ ആശുപത്രി പിടിച്ചെടുത്ത ഇസ്രയേൽ സൈന്യം ആരെയും പുറത്തുപോകാൻ അനുവദിക്കാതെ പരിശോധന തുടരുകയാണ്. ബാഹ്യ ബന്ധമറ്റ അൽ ഷിഫയിലെ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിമിതിയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസുകളിൽ ഇന്ധനമില്ലെന്നാണ് ആദ്യപരിമിതി. ആംബുലൻസുകൾ അയയ്ക്കാൻ ഈജിപ്ത് തയാറാണെങ്കിലും വ്യോമാക്രമണം തുടരുന്നതിനാൽ സുരക്ഷ ഉറപ്പാക്കുക എളുപ്പമല്ല.

ജീവകാരുണ്യ സഹായമെത്തിക്കാനായി ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതി അംഗീകരിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞമാസം രക്ഷാസമിതിയിൽ അവതരിപ്പിച്ച 4 പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി പാസാക്കിയ പ്രമേയം. പ്രമേയത്തെ അനുകൂലിച്ച് 12 വോട്ടുകൾ ലഭിച്ചു. ആരും എതിർത്തില്ല. വീറ്റോ അധികാരമുള്ള യുഎസ്, യുകെ, റഷ്യ എന്നീ വൻശക്തികൾ വിട്ടുനിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.