സ്വന്തം ലേഖകൻ: കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇടുക്കി എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ് ഡബ്ല്യു 80 എന്ന വിമാനമാണ് ആദ്യമായി സത്രം എയര്‍ സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെയോടെയാണ് വണ്ടിപ്പെരിയാറിലെ ഈ എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കിയത്. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ഇവിടെ ലാന്‍ഡ് ചെയ്തത്.
ഇടുക്കിയുടെ ആകാശസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കിയ ദൗത്യം എന്‍ സി സി ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും അഭിമാനമുഹൂര്‍ത്തമാണെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പൈലറ്റ് പാലക്കാട്ടുകാരന്‍ കൂടിയായ എന്‍ സി സി കമാന്‍ഡിംഗ് ഓഫീസര്‍ എ ജി ശ്രീനിവാസ്, കോ-പൈലറ്റ് ഉദയ് രവി, എന്‍ സി സി നേതൃത്വം, പദ്ധതിയില്‍ സഹകരിച്ച മറ്റെല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി അഭിനന്ദനവും കടപ്പാടും അറിയിച്ചു.
ഒരു വര്‍ഷത്തിനിടയിലെ പല പരീക്ഷണപരാജയങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടാണ് മുമ്പേ നിശ്ചയിച്ച ദൗത്യം ഗംഭീരമായി വിജയിപ്പിച്ചിരിക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനൊപ്പം തന്നെ, അടിയന്തിരസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെയുള്ള പൊതുകാര്യങ്ങള്‍ക്കും ഉപകരിക്കുമെന്നതാണ് പദ്ധതി കാലവിളംബമോ സാങ്കേതികതടസ്സങ്ങളോ വിലങ്ങാവാതെ മുന്നോട്ടുനീക്കാന്‍ പ്രേരണയായത്.
ഇടുക്കിയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാരസാധ്യതകളിലേക്കും ഇതിന് ഭാവിയില്‍ വഴി തുറക്കാനാവും. ട്രയല്‍ ലാന്‍ഡിംഗിനുശേഷമുള്ള റിപ്പോര്‍ട്ട് എത്രയും പെട്ടെന്നുതന്നെ എന്‍സിസി സമര്‍പ്പിക്കും. പദ്ധതി പരിപൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ തൊട്ടുപിന്നാലെ ഉണ്ടാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല