സ്വന്തം ലേഖകന്‍: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്; ശക്തമായ മഴ തുടരുന്നു; എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തിയ ശേഷവും ജലനിരപ്പു കുറയാതിരുന്നത് പകല്‍ ആശങ്ക സൃഷ്ടിച്ചെങ്കിലും വൈകിട്ടോടെ നേരിയ തോതില്‍ നിരപ്പ് താഴ്ന്നത് ആശ്വാസമായി.
ചെറുതോണി ബസ് സ്റ്റാന്‍ഡ് കുത്തൊഴുക്കില്‍ തകര്‍ന്നു. ആറടി താഴ്ചയില്‍ ബസ് സ്റ്റാന്‍ഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. എന്നാല്‍ അണക്കെട്ടു തുറന്നിട്ടും പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ലാത്തത് ആശ്വാസമാണ്. ജാഗ്രത തുടരണമെന്നു എറണാകുളം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തു മരണം 28 ആയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. പമ്പ ത്രിവേണി പാലം വെള്ളത്തിനടിയിലായി. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്നാണു പാലത്തിനു മുകളില്‍ വെള്ളം കയറിയത്. ഇതോടെ ശബരിമലയിലേക്കുള്ള വഴിയും തടസപ്പെട്ടു.
പ്രളയ ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സന്ദര്‍ശനം നടത്തുകയാണ്. ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് സംഘം വെള്ളപ്പൊപ്പ ദുരിതം നേരിടുന്ന ജില്ലകളിലെത്തുന്നത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ആറ് സ്ഥലങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് സന്ദര്‍ശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു. പ്രളയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല