![](https://www.nrimalayalee.com/wp-content/uploads/2021/10/Idukki-Dam-Shutters-Open-Kerala-Rains.jpg)
സ്വന്തം ലേഖകൻ: ഇടുക്കി അണക്കെട്ട് തുറന്നു. വെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അണക്കെട്ട് തുറന്നത്. മൂന്ന് വർഷത്തിനിടെ ആദ്യമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്റിൽ 30,000 ലിറ്റർ വെള്ളമാണ് മൂന്നമത്തെ ഷട്ടർ വഴി ഒഴുക്കിക്കളയുന്നത്. വെള്ളം ആദ്യം ചെറുതോണി ടൗൺ ഭാഗത്തേക്കാണ് എത്തുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയറിന്റെ തീരത്തു താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഇടുക്കി ജല സംഭരണിയുടെ പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്ന് ഇന്നലെ രാവിലെ 07.00 മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 10.45 നാണ്് ആദ്യ സൈറൺ മുഴക്കിയത്. അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സൈറൺ മുഴങ്ങി. 10.55 ഓടെ മൂന്നാമത്തെ സൈറണും മുഴക്കിയ ശേഷം 11 മണിയോടെയായിരുന്നു മൂന്നാമത്തെ ഷട്ടർ തുറന്നത്.
സംസ്ഥാനത്ത് ബുധനും വ്യാഴവും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ബുധനാഴ്ച 11 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 12 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് ഒറഞ്ച് അലർട്ട്. താഴ്ന്ന പ്രദേശങ്ങൾ, നദിതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ബുധന്‍ മുതൽ വെള്ളി വരെ കേരള–ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല