ഇടുക്കിയുടെ സമൃദ്ധമായ പച്ചപ്പ് എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. ഏതു രാഷ്ട്രീയക്കാര്‍ക്കും വിവാദങ്ങളെ വളര്‍ത്താനുള്ള വളക്കൂറുള്ള മണ്ണാണ് ഇടുക്കിയുടേത്. കുടിയേറിയവരും കുടിയിരുത്തപ്പെട്ടവരുമായ കര്‍ഷകജനതയുടെ മനസ്സ് അതുകൊണ്ടുതന്നെ ആര്‍ക്കും പെട്ടെന്നു പിടികൊടുക്കുന്ന ഒന്നല്ല.
ആകെ അഞ്ചു മണ്ഡലങ്ങള്‍. തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി. പീരുമേട്. പുനര്‍നിര്‍ണയത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ദേവികുളമാണ സംവരണ മണ്ഡലം
ഇരുമുന്നണികളെയും മാറിമാറി പുല്‍കിയ മണ്ഡലം. ഇരു മുന്നണികളിലുമായി ഏഴു തവണ ജയിച്ചത് പി.ജെ. ജോസഫ്. മണ്ഡലത്തില്‍നിന്ന് മന്ത്രിയായ ഏക വ്യക്തിയും ജോസഫാണ്. കത്തോലിക്കര്‍ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. ഈഴവര്‍ രണ്ടാമതുവരുമ്പോള്‍ നായര്‍, മുസ്‌ലിം വിഭാഗങ്ങള്‍ പിന്നാലെ ഏറെക്കുറെ തുല്യത പാലിക്കുന്നു. പുനഃസംഘടനയ്ക്കുശേഷം മണ്ഡലത്തിന് യാതൊരു മാറ്റവും വന്നില്ല. തൊടുപുഴ നഗരസഭയും കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, ഇടവെട്ടി, കുമാരമംഗലം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം, വെള്ളിയാമറ്റം, ആലക്കോട്, മുട്ടം പഞ്ചായത്തുകളും മണ്ഡലത്തില്‍ പെടുന്നു. ഇവിടങ്ങളിലെല്ലാം യു.ഡി.എഫ്. ഭരണമാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 20402 വോട്ടിന്റെ മുന്‍തൂക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മുന്‍തൂക്കം 7615 വോട്ടിന്റേതു മാത്രമായിരുന്നു. അന്ന് ജോസഫ് ഗ്രൂപ്പ് എല്‍.ഡി.എഫിലായിരുന്നു. ജോസഫ് ഗ്രൂപ്പിന്റെ മുന്നണിമാറ്റവും മാണിഗ്രൂപ്പിലെ ലയനവും സംബന്ധിച്ച തര്‍ക്കമാണ് ഇക്കുറി മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്
ഇടുക്കി
1977ല്‍ രൂപംകൊണ്ട മണ്ഡലം. ഏഴുതവണ യു.ഡി.എഫും ഒരു തവണ എല്‍.ഡി.എഫും ജയിച്ചു. കത്തോലിക്കര്‍ക്കാണ് ഭൂരിപക്ഷം. ഈഴവര്‍ രണ്ടാംസ്ഥാനത്തും. പുനഃസംഘടനയില്‍ ഒരു പഞ്ചായത്തുപോയപ്പോള്‍ മറ്റൊന്ന് കിട്ടി. അറക്കുളം, കുടയത്തൂര്‍, ഇടുക്കി-കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, കാഞ്ചിയാര്‍, കട്ടപ്പന, കൊന്നത്തടി, മരിയാപ്പുരം, വാത്തിക്കുടി എന്നിവയാണ് മണ്ഡലത്തിലെ പഞ്ചായത്തുകള്‍. എല്ലായിടത്തും യു.ഡി.എഫ്. ഭരണം. ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണം ഒറ്റ വോട്ടിനാണ് കിട്ടിയത്. കുടയത്തൂരില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്വതന്ത്രനെ കൂട്ടിയാണ് ഭരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 16538 വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത് 10906 ആയി കുറഞ്ഞു.കാര്‍ഷിക മേഖലയാണ്. കത്തോലിക്കരും ഈഴവരുമാണ് നിര്‍ണായകം. ജില്ലാ ആസ്ഥാന വികസനം, പട്ടയപ്രശ്‌നം എന്നിവയാണ് പ്രധാന പ്രചരണവിഷയങ്ങള്‍.
ദേവികുളം
957 ലും 60 ലും ദേവികളും-പീരുമേട് എന്ന പേരില്‍ ദ്വയാംഗമണ്ഡലമായിരുന്നു. 57-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ റോസമ്മ പുന്നൂസിനെയും കോണ്‍ഗ്രസിലെ എന്‍. ഗണപതിയെയും ജയിപ്പിച്ചു. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് ആദ്യം അംഗമായ വ്യക്തി റോസമ്മ പുന്നൂസാണ്. ആദ്യ പ്രോടേം സ്പീക്കറുമായിരുന്നു. 1960 ലും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒരു സി.പി.ഐ. സ്ഥാനാര്‍ത്ഥിയും ജയിച്ചു. ഏകാംഗ മണ്ഡലമായതുമുതല്‍ പട്ടികജാതി സംവരണ സീറ്റാണ്. പിന്നീട് ആറുതവണ സി.പി.എമ്മിനെയും അഞ്ചുതവണ കോണ്‍ഗ്രസിനെയും തുണച്ചു.
തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍ക്കാണ് മുന്‍തൂക്കം. പുനഃസംഘടനയോടെ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് അധികമായി വന്നിട്ടുണ്ട്. ബൈസണ്‍വാലി, വെള്ളത്തൂവല്‍, മാങ്കുളം, അടിമാലി, കാന്തല്ലൂര്‍, മറയൂര്‍, വട്ടവട, മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകള്‍ യു.ഡി.എഫും ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ എന്നിവ എല്‍.ഡി.എഫും ഭരിക്കുന്നു. പള്ളിവാസലിലെ ഭരണം നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫിന് കിട്ടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 8920 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത് 5322 ആയി കുറഞ്ഞു. ഭൂമികയ്യേറ്റവും പട്ടയപ്രശ്‌നവുമാണ് ഒരു പ്രധാന പ്രചരണവിഷയം.
ഉടുമ്പന്‍ചോല
ഇടുക്കി ജില്ലയില്‍ നിന്നും ആദ്യമന്ത്രിയെ സംഭാവന ചെയ്ത മണ്ഡലം. 1965 ലും 67 ലും സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.ടി. ജേക്കബായിരുന്നു ആദ്യമന്ത്രി. 11 തിരഞ്ഞെടുപ്പുകളില്‍ ആറുതവണ വലതുപക്ഷത്തിനെയും അഞ്ച് തവണ ഇടതുപക്ഷത്തിനെയും പുല്‍കി. കത്തോലിക്കര്‍ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. ഈഴവര്‍ രണ്ടാമതു വരുന്നു. തമിഴ് വംശജര്‍ക്കും നിര്‍ണായക സ്വാധീനമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലമായിരുന്ന ഉടുമ്പന്‍ചോലയ്ക്ക് പുനര്‍നിര്‍ണയത്തോടെ ആ പദവി നഷ്ടമായി.
നേരത്തെയുണ്ടായിരുന്ന 13 പഞ്ചായത്തുകളില്‍ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ചിന്നക്കനാല്‍ പഞ്ചായത്തുകളാണ് മണ്ഡലത്തിന് നഷ്ടമായത്. രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, സേനാപതി, വണ്ടന്‍മേട്, പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, ഇരട്ടയാര്‍ എന്നിങ്ങനെ 10 പഞ്ചായത്തുകളാണുള്ളത്. അഞ്ചു വീതം എല്‍.ഡി.എഫും യു.ഡി.എഫും ഭരിക്കുന്നു. രാജകുമാരിയില്‍ ഒറ്റവോട്ടിനാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫ്. ഭരണത്തിലാണ്. ചിന്നക്കനാല്‍ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണത്തിലും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലപരിധിയില്‍ 8491 വോട്ടിന്റെ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍, 2010 ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ ഭൂരിപക്ഷം 2356 വോട്ടായി കുറഞ്ഞു. ഉപാധിരഹിത പട്ടയം എന്ന ആവശ്യമാണ് പ്രധാന വിഷയം.
പീരുമേട്
ഏറ്റവും കൂടുതല്‍ തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച മണ്ഡലം. ഏകാംഗ മണ്ഡലമായി മാറിയ 1965 മുതല്‍ നടന്ന പതിനൊന്ന് തിരഞ്ഞെടുപ്പുകളില്‍ ഏഴുതവണ ഇടതുപക്ഷം വിജയിച്ചു. തോട്ടം തൊഴിലാളികളും തമിഴ് വംശജരും കര്‍ഷകരുമാണ് ഏറെ. പുനര്‍നിര്‍ണയത്തിലൂടെ വിസ്തൃതി വര്‍ധിച്ചു. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകളും, ഇടുക്കി മണ്ഡലത്തിലായിരുന്ന കണ്ണമ്പാടി ആദിവാസി മേഖലയിലെ നാല് ബൂത്തുകളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഏലപ്പാറ, കൊക്കയാര്‍, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളും നേരത്തെമുതല്‍ മണ്ഡലത്തിന്റെ ഭാഗമാണ്. ഒമ്പതു പഞ്ചായത്തുകളുള്ളതില്‍ ഏഴിടത്തും ഭരണം യു.ഡി.എഫിനാണ് . വണ്ടിപ്പെരിയാര്‍, കൊക്കയാര്‍, പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിനാണ്. വണ്ടിപ്പെരിയാര്‍, കൊക്കയാര്‍, പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഭരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 15699 വോട്ടിന്റെ മുന്‍തൂക്കം ഉണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത് 6464 ആയി കുറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല