സ്വന്തം ലേഖകന്‍: ഗൂഗിളില്‍ ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍; ഗൂഗിള്‍ സി.ഇ.ഒ യോട് വിശദീകരണം ചോദിച്ച് അമേരിക്കന്‍ സെനറ്റ്; മറുപടിയുമായി സുന്ദര്‍ പിച്ചെ. ഗൂഗിളില്‍ വിഡ്ഢി (idiot) എന്ന വാക്കിന്റെ ചിത്രങ്ങള്‍ തെരയുമ്പോള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോട്ടോകള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് സെനറ്റര്‍മാ. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ വിളിച്ചു വരുത്തിയാണ് അമേരിക്കന്‍ സെനറ്റ് വിശദീകരണം തേടിയത്.
ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് സുന്ദര്‍ പിച്ചെ ഹാജരായത്. പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതം പിച്ചെ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.
ഗൂഗിള്‍ ജീവനക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തെരച്ചില്‍ ഫലങ്ങളില്‍ ഇടപെടുന്നെന്ന സെനറ്റര്‍മാരുടെ ആരോപണങ്ങള്‍ക്കെതിരെ പിച്ചെ വിശദീകരണം നല്‍കി. തിരയല്‍ ഫലങ്ങളെ കൈകാര്യം ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നോ എന്ന് ലാമാര്‍ സ്മിത്ത് എന്ന അംഗം പിച്ചെയോട് ചോദിച്ചു. ഒരു വ്യക്തിക്കോ അതല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കു വേണ്ടിയോ ഇത് ചെയ്യാന്‍ സാധിക്കില്ലെന്നും ഗൂഗിള്‍ ഫലം തരുന്നത് പല ഘട്ടങ്ങളിലൂടെയാണെന്നും പിച്ചെ വിശദീകരിച്ചു.
എന്നാല്‍ സ്മിത്ത് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഗൂഗിള്‍ തിരച്ചില്‍ പ്രക്രിയയെ കൃത്രിമമായി കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്ന് കരുതുന്നതായി സ്മിത്ത് അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും സ്മിത്ത് വ്യക്തമാക്കി. ഗൂഗിള്‍ ബോംബിങ് എന്ന സൈബര്‍ ആക്രമണത്തിന്റെ ഫലമായാണ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ ഇങ്ങനെ കാണിക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല