സ്വന്തം ലേഖകന്‍: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒറ്റാലിന് സുവര്‍ണ ചകോരം, രജത ചകോരം ഫിലിപ്പിനോ ചിത്രമായ ഷാഡോ ബിഹൈന്‍ഡ് ദി മൂണിന്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാള്‍ സുവര്‍ണ ചകോരം, ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാകിന്റെ മികച്ച മലയാളചിത്രം എന്നീ പുരസ്‌കാരങ്ങള്‍ നേടി. ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളചിത്രം ഇത്രയേറെ പുരസ്‌കാരങ്ങള്‍ നേടുന്നത്.
15 ലക്ഷംരൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയ സുവര്‍ണചകോരം രാജ്യാന്തര ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസ്‌യ്ന്‍ എഡ്വേര്‍ഡോയാണു പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തില്‍നിന്നും ജയരാജും നിര്‍മാതാവ് കെ. മോഹനും പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള നാലു ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്ന രജത ചകോരം ഫിലിപ്പൈന്‍ ചിത്രമായ ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജൂന്‍ റോബ്ള്‍സ്‌ലാന ഏറ്റുവാങ്ങി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ബംഗ്ലാദേശ് സംവിധായകന്‍ അബുഷാഹിദ് ഇമോന്‍ (ജലാല്‍സ് സ്‌റ്റോറി) നേടി. മൂന്നു ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
ഫിപ്രസിയുടെ മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിനു ലഭിച്ചു. ഒറ്റാലിലെ അഭിനയത്തിന് കുമരകം വാസുദേവനും ബാലതാരമായ അശാന്ത് കെ. ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.
ഇറാനിയന്‍ സംവിധായകന്‍ ദാരിഷ് മെഹര്‍ജുയിയ്ക്ക് ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരവും ഗവര്‍ണര്‍ സമ്മാനിച്ചു. പത്തുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് അവാര്‍ഡ്. നേരത്തെ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ ആദ്യ ഫെഫ്ക അവാര്‍ഡ് കെ.ജി. ജോര്‍ജിനു ദാരിഷ് മെഹര്‍ജുയി സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല