സ്വന്തം ലേഖകന്‍: നഗ്‌നതയുണ്ടെന്ന പേരില്‍ ചായം പൂശിയ വീട് എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ചത് നീതീകരിക്കാന്‍ കഴിയില്ലെന്ന് നായിക. നായികയുടെ നഗ്‌നതാ പ്രദര്‍ശനമുണ്ടെന്ന പേരിലാണ് ചിത്രത്തിന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിലപാട് ന്യായീകരിക്കാന്‍ ആകില്ലെന്ന് പറഞ്ഞാണ് നടി നേഹ മഹാജന്‍ രംഗത്തെത്തിയത്.
ഹോളിവുഡ് സിനിമകളിലുള്ള അശ്ലീല രംഗങ്ങള്‍ ആസ്വദിക്കുകയും ഇതു ഇന്ത്യന്‍ സിനിമകളില്‍ വരുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നാണ് നേഹ മഹാജന്‍ പറയുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് സിനിമയെ നശിപ്പിക്കുന്നത് നീതീകരിക്കാന്‍ പറ്റാത്തതാണെന്നും നേഹ പറഞ്ഞു.
മറാത്തി നടി നേഹ മഹാജന്റെ നഗ്‌നതാ പ്രദര്‍ശനം ചിത്രത്തിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ചിത്രത്തില്‍ ചെറിയൊരു രംഗത്തില്‍ മാത്രമേ ഇത്തരമൊരു നഗ്‌നതയുള്ളതെന്നും താരം പറയുന്നു. ഈ ഒരു കാരണം പറഞ്ഞ് ചിത്രത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും നേഹ വ്യക്തമാക്കുന്നു. നല്ലൊരു സന്ദേശവും കഥാമൂല്യവുമുള്ള സിനിമയാണ് ചായം പൂശിയ വീടെന്നും താരം പറയുന്നു. ദീപ മേത്തയുടെ മിഡ് നൈറ്റ് ചില്‍ഡ്രനിലൂടെ പ്രശസ്തയായ നേഹയുടെ ആദ്യ മലയാള ചിത്രമാണ് ചായം പൂശിയ വീട്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല