സ്വന്തം ലേഖകന്‍: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല, ആറു പേര്‍ അറസ്റ്റില്‍. ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് പോലീസ് ഡെലിഗേറ്റുകള്‍ക്കെതിരെ കേസെടുത്തത്. മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത വനിത അടക്കമുള്ള ആറ് ഡെലിഗേറ്റുകള്‍ക്കെതിരെ 158 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
മാധ്യമപ്രവര്‍ത്തകരായ സുല്‍ത്താന്‍ ബത്തേരി കുറക്കണ്ടി പുതുപ്പറമ്പ് ഹൗസില്‍ ജോയല്‍ സി. ജോസ് (25), കോഴിക്കോട് മണ്ണാത്തിവയല്‍ ഗോകുലത്തില്‍ എസ്. വിനേഷ്‌കുമാര്‍ (34), കോട്ടയം മേല്‍വെള്ളൂരില്‍ വി.കെ. രതിമോള്‍(26), ഗ്രാഫിക് ഡിസൈനറും കാസര്‍കോട് നീലേശ്വരം സ്വദേശിയുമായ പി.സി. നൗഷാദ്(31), നീലേശ്വരം ചേരമല്‍ ഹൗസില്‍ സി.എച്ച്. ഹനീഫ (39), കോഴിക്കോട് കുട്ടോത്ത് കുന്നുമ്മല്‍ വീട്ടില്‍ അശോക്കുമാര്‍ (52) എന്നിവരാണ് പിടിയിലായത്.
ചലച്ചിത്ര മേളയില്‍ ക്ലാഷ് എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കന്റോണ്‍മെന്റ് എസ്.പിയെ ഡി.ജി.പി ചുമതലപ്പെടുത്തിയിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ചില ഡെലിഗേറ്റുകള്‍ എഴുന്നേല്‍ക്കുന്നില്ലെന്ന് ആരോപിച്ച് യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.എസ് രാജീവാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ഡി.ജി.പി വിശദീകരണം തേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല