സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശ്രദ്ധേയ സാന്നിധ്യമായപ്പോള്‍, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയായി.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി, ദിനേശ് ത്രിവേദി, ഡി.പി. ത്രിപാഠി, ഡാനിഷ് അലി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ വിരുന്നിനെത്തി. അതേസമയം, പ്രമുഖ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്കു പകരം, പ്രതിനിധികളാണ് എത്തിയത്. നാഗ്പുരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സംബന്ധിച്ച പ്രണബ് മുഖര്‍ജിയെ ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്ന പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു.
ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള എതിര്‍പ്പുകള്‍ക്കിടയിലാണ് പ്രണബ് ഇഫ്താര്‍ വിരുന്നിനെത്തിയത്. രാഹുലിനൊപ്പമിരുന്ന് അദ്ദേഹം ആഹാരം കഴിച്ചു. ചികിത്സാര്‍ഥം വിദേശത്തായതുകൊണ്ടാണ് സോണിയ ഗാന്ധിക്ക് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായാണ് ഇഫ്താര്‍ ഒരുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല