സ്വന്തം ലേഖകന്‍: കാമറക്കണ്ണുകള്‍ക്ക് ചാകരയായി വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഇഫ്താര്‍ വിരുന്ന്. പരമ്പരാഗതമായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്നിരുന്ന ചടങ്ങ് കഴിഞ്ഞ വര്‍ഷം ട്രംപ് ഒഴിവാക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിമര്‍ശകരുടെ വായടക്കാന്‍ ഗംഭീരമായിത്തന്നെയാണ് ട്രംപ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിച്ചത്. ‘നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കും എന്റെ ഈദ് മുബാറക്,’ ട്രംപ് ചടങ്ങില്‍ പറഞ്ഞു.
യു.എസുമായി നിലവിലുള്ള കരാറുകള്‍ പുതുക്കുകയും സഹകരണത്തിന് സന്നദ്ധമാവുകയും ചെയ്ത പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദിയും അറിയിച്ചു. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെയും നടപടികളുടെയും പേരില്‍ ഏറെ പഴികേട്ട ട്രംപിന്റെ ചടങ്ങ് അമേരിക്കയിലെ പ്രമുഖ മുസ്‌ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചു. ചില സംഘടനകള്‍ ഇഫ്താറിനുമുമ്പ് വൈറ്റ് ഹൗസിനു മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍, ജോര്‍ഡന്‍ അംബാസഡര്‍ ദിന കവാര്‍ എന്നിവരോടൊപ്പമാണ് ട്രംപ് ഇരുന്നത്. യു.എ.ഇ, ജോര്‍ഡന്‍, ഈജിപ്ത്, തുനീഷ്യ, ഇറാഖ്, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, മൊറോകോ, അല്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെയാണ് വിരുന്നിന് ക്ഷണിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല