സ്വന്തം ലേഖകന്‍: തന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ ആവശ്യപ്പെടാതെ വെള്ളമെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥന് ഇളയരാജയുടെ ശകാരം. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്കു കുടിവെള്ളം എത്തിച്ച ഉദ്യോഗസ്ഥനാണ് ഇളയരാജയുടെ രോഷത്തിനിരയായത്. ഒടുവില്‍ ഇളയരാജയുടെ കാല്‍തൊട്ട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വേദി വിട്ടത്.
വെള്ളം നല്‍കിയശേഷം വേദിവിട്ട ഉദ്യോഗസ്ഥനെ ഇളയരാജ തിരിച്ചുവിളിച്ചാണ് ശകാരിച്ചത്. ‘താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്നു വിതരണം ചെയ്തത്?’ എന്നായിരുന്നു ഇളയരാജയുടെ ചോദ്യം. സ്വാഭാവികമായും ചെയ്തുവരുന്ന ജോലിയാണ് ഇതെന്ന ഉദ്യോഗസ്ഥന്റെ മറുപടിയില്‍ ഇളയരാജ തൃപ്തനായില്ല. ഒടുവില്‍ ഇളയരാജയുടെ കാല്‍തൊട്ട് ഇയാള്‍ ക്ഷമ ചോദിക്കുകയായിരുന്നു.
പണം നല്‍കിയെത്തുന്ന കാണികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നല്ലതല്ലെന്നായിരുന്നു ഇളയരാജ ഇക്കാര്യത്തില്‍ പിന്നീട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോദൃശ്യം ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
എസ്.പി ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ തുടങ്ങിയ ഗായകരെല്ലാം എത്തിയ പരിപാടിയായിരുന്നു ഇളയരാജയുടെ 75ാം ജന്മദിനാഘോഷം.
നേരത്തെ തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതു വിവാദമായിരുന്നു.
സമീപകാല തമിഴ് ഹിറ്റുകളിലൊന്നായ 96 എന്ന സിനിമയില്‍ തന്റെ പാട്ടുകള്‍ ഉപയോഗിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ചിത്രത്തില്‍ തന്റെ പാട്ടുകള്‍ പകര്‍ത്തിയതിന് കാരണം സംഗീത സംവിധായകന് സമാന നിലവാരമുള്ള പാട്ടുകളുണ്ടാക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
റോയല്‍റ്റി ഇല്ലാതെ പല ഗായകരും തന്റെ പാട്ടുകള്‍ പാടുന്നതിനെതിരെ ഇളയരാജ മുമ്പും രംഗത്ത് വന്നിരുന്നു. ’96’ ല്‍ പാട്ടുകള്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ചതിന് പിന്നാലെ ആരാധകരില്‍നിന്നടക്കം ഇളയരാജക്കെതിരെ ആക്ഷേപമുയരുന്നുണ്ട്. ഇളയരാജ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ രണ്ടാമതും ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല