സ്വന്തം ലേഖകൻ: ഒമാനില്‍ ചെറിയ കുഞ്ഞുങ്ങള്‍ക്കായുള്ള പാല്‍പ്പൊടി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂന്നു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ഉദ്ദേശിച്ചുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പ്പന, മാര്‍ക്കറ്റിംഗ്, പ്രചാരണം എന്നിവയ്ക്കാണ് മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ളത്.
അനുമതിയില്ലാതെ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നിതിനാലാണിത്. ആവശ്യമായ അനുമതിയില്ലാതെ അനധികൃതമായി കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരേ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
2022ലെ 619-ാം നമ്പര്‍ മന്ത്രിസഭ തീരുമാനപ്രകാരം ഓണ്‍ലൈന്‍ വില്‍പ്പന സ്റ്റോറുകള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള വിപണന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനമാണ് ഇതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും അക്കൗണ്ടുകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും വില്‍പ്പനയും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും സോഷ്യല്‍ മീഡിയ വഴിയും വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്.
ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും ഉല്‍പ്പന്നങ്ങളുടെ വിപണനം, പരസ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമം. എന്നാല്‍ നിലവില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിംഗ് ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലേറെയും നിയമാനുസൃതമുള്ള അനുമതി ഇല്ലാതെയാണ് ഇത് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം ഉല്‍പ്പന്നങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട എഴുത്തുകള്‍, ഇല്ലസ്‌ട്രേഷനുകള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം, വീഡിയോകള്‍ തുടങ്ങിയവ വെബ്സൈറ്റുകളിലോ സോഷ്യല്‍ മീഡിയയിലോ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനത്തിന്റെ പരിധിയില്‍ വരും.
നിയമലംഘകര്‍ക്ക് 1,000 ഒമാന്‍ റിയാല്‍ വരെ പിഴ, ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍, ലൈസന്‍സ് പൂര്‍ണ്ണമായി റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം വസ്തുക്കൾ വാങ്ങുക്കുമ്പോൾ ജാഗ്രത പാലിക്കണം. കർശനമായ പരിശോധനയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല