സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ‘റുവാണ്ട’യിലേക്കുള്ള നാടുകടത്തല്‍ വിമാനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പറന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ക്യാബിനറ്റ് മന്ത്രിയായ വിക്ടോറിയ ആറ്റ്കിന്‍സ് രംഗത്ത്. യുകെയിലുള്ള അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാട് കടത്തുന്ന പദ്ധതിയായ റുവാണ്ട പദ്ധതി നടപ്പാക്കാൻ ഹോം ഓഫിസ് തയ്യാറായിക്കഴിഞ്ഞെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ കൊണ്ടുപോകാന്‍ ഏതെങ്കിലും വിമാന കമ്പനികൾ തയ്യാറായാതായി വിക്ടോറിയ ആറ്റ്കിന്‍സ് സ്ഥിരീകരിച്ചിട്ടില്ല. സ്പ്രിങ് സീസണിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിമാനങ്ങള്‍ യുകെയിൽ നിന്നും പുറപ്പെടുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ നയം നടപ്പാക്കാന്‍ ഏത് വിമാന കമ്പനിയാണ് ഒപ്പം നില്‍ക്കുകയെന്ന് വ്യക്തമാക്കാന്‍ ഋഷി സുനക് തയ്യാറായിരുന്നില്ല.
അഭയാർഥികളെ നാടുകടത്തി ചീത്തപ്പേര് നേടാന്‍ വിമാന കമ്പനികള്‍ ഭയപ്പെടുന്നതാണ് പ്രധാന പ്രതിസന്ധി. റുവാണ്ടയിലെ ദേശീയ എയര്‍ലൈന്‍ കമ്പനിയും യുകെയുടെ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സുപ്രീംകോടതി ഉന്നയിച്ച തടസ്സങ്ങള്‍ മറികടക്കാന്‍ റുവാണ്ട ബില്‍ യുകെ പാര്‍ലമെന്‍റില്‍ എത്താന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല