സ്വന്തം ലേഖകൻ: ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാന്‍ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതിയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേർ സ്റ്റാര്‍മര്‍. വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, മാനുഷിക പിന്തുണ എന്നിവയ്ക്കുള്ള ധനസഹായം ഉൾപ്പെടെയാണ് 84 പൗണ്ടിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നത്.
ഒക്സ്ഫെഡ് ഷെയറിലെ ബ്ലെന്‍ഹൈം പാലസില്‍ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ (ഇപിസി) നാലാമത്തെ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് കിയേർ സ്റ്റാര്‍മര്‍ ഇക്കാര്യം അറിയിച്ചത്. ഇംഗ്ലിഷ് ചാനലിന് കുറുകെ കടക്കുന്ന ചെറിയ ബോട്ടുകള്‍ തടയാന്‍ കുറുക്കു വഴികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോയോട് കിയേർ സ്റ്റാർമർ സമ്മതിച്ചു.
ഗിമ്മിക്കുകൾക്ക് പകരം പ്രായോഗികമായ പരിഹാരങ്ങൾ ഉണ്ടാക്കുവാനാണ് ബ്രിട്ടിഷ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും ബ്രിട്ടൻ പോലുള്ള 20 അംഗങ്ങളല്ലാത്തവരും ഉള്‍പ്പെടുന്ന അനൗപചാരിക ഫോറമാണ് ഇപിസി. നിയമവിരുദ്ധ കുടിയേറ്റത്തിന്‍റെ വെല്ലുവിളിയിലും യുക്രെയ്‌നിനുള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഉച്ചകോടി നടക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റത്തോടുള്ള ബ്രിട്ടന്‍റെ സമീപനം പുനഃസജ്ജമാക്കാനും പ്രതിരോധത്തിലും അതിര്‍ത്തി സുരക്ഷയിലും യൂറോപ്പുമായുള്ള സഹകരണം ആഴത്തിലാക്കാനും ആഗ്രഹിക്കുന്നുവെന്നും ഉച്ചകോടിയോട് അനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കിയേർ സ്റ്റാര്‍മര്‍ പറഞ്ഞു.
അനധികൃത കുടിയേറ്റം പൂർണ്ണമായും തടയുന്നതിനും കള്ളക്കടത്ത് സംഘങ്ങളെ ഇല്ലാതാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉച്ചകോടിയില്‍ ഒരു സമവായം ഉണ്ടായിട്ടുണ്ടെന്നും കിയേർ സ്റ്റാർമർ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാന്‍ സ്ലോവേനിയയുമായും സ്ലൊവാക്യയുമായും ബ്രിട്ടൻ പുതിയ പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്.
ജോര്‍ദാനിലെയും ലബനനിലെയും സിറിയന്‍ അഭയാർഥികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ലഭ്യമാക്കുന്നതിനും വടക്ക്, കിഴക്കന്‍ ആഫ്രിക്കയിലെ കുടിയേറ്റക്കാര്‍ക്കും പ്രാദേശിക നൈപുണ്യ വിടവുകള്‍ നികത്തുന്നതിനും യുദ്ധത്തില്‍ തകര്‍ന്ന സുഡാനില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് മാനുഷിക സഹായത്തിനും ബ്രിട്ടന്‍റെ 84 മില്യൻ പൗണ്ടിന്‍റെ പദ്ധതികൾ മൂലം കഴിയും. എങ്കിലും ഇപ്പോഴും ചെറുബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടക്കുന്നവരെ തടയുന്നത് ബ്രിട്ടനിലെ പുതിയ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല